രാജ് പഥ്‌ ഇനി കര്‍ത്തവ്യപഥ്

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ സുപ്രധാന പാതയായ രാജ്പഥിന്റെ പേര് കര്‍ത്തവ്യപഥ് എന്ന് പുനര്‍നാമകരണം ചെയ്ത് കേന്ദ്രസര്‍ക്കാര്‍.  രാഷ്ട്രപതി ഭവന്‍ മുതല്‍ ഇന്ത്യാ ഗേറ്റ് വരെയുള്ള ഭാഗമാണ് ഇനി മുതല്‍ കര്‍ത്തവ്യപഥ് എന്ന് അറിയപ്പെടുക. റിപ്പബ്ലിക് ദിന പരേഡ് കടന്നു പോകുന്ന ഈ പാത ഇന്ത്യയുടെ സ്വാതന്ത്ര ചരിത്രത്തില്‍ സുപ്രധാന പങ്കുവഹിക്കുന്ന പല ചരിത്രസംഭവങ്ങള്‍ക്കും സാക്ഷിയാണ്. കിംഗ് ജോര്‍ജ്ജ് അഞ്ചാമന്‍റെ കാലത്താണ് ഈ പാതയ്ക്ക് കിംഗ്‌സ് വേ എന്ന പേര് നല്‍കിയത്. സ്വാതന്ത്രാനന്തരം കിംഗ്സ് വേ ഹിന്ദിവത്ക്കരിക്കപ്പെട്ട് രാജ്പഥ് ആയി. 

കേന്ദ്ര സര്‍ക്കാര്‍ നവീകരണം നടത്തിയ സെന്‍ട്രല്‍ വിസ്ത അവന്യു സെപ്റ്റംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് ഈ ഭാഗത്തിന്‍റെ പേര് മാറ്റി ഉത്തരവിറങ്ങിയത്. സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായി പുതിയ ത്രികോണ പാർലമെന്‍റ് മന്ദിരവും സെൻട്രൽ സെക്രട്ടേറിയറ്റും പ്രധാനമന്ത്രിക്കായി പ്രത്യേക വസതിയും മറ്റ് നിരവധി സർക്കാർ ഓഫീസുകളും പുനർനിർമ്മിക്കുന്നു. 

രാജ്പഥിന്‍റെ പേരിലുള്ള ബ്രിട്ടീഷ് സ്വാധീനം ഒഴിവാക്കുന്നതിന്‍റെ ഭാഗമായാണ് പാതയ്ക്ക് കര്‍ത്തവ്യപഥ് എന്ന പേര് നല്‍കിയത്. സെപ്തംബര്‍ 8 ന്  പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതോടെ പാതയുടെ പേര് കര്‍ത്തവ്യപഥ് എന്നാകും.

Be the first to comment

Leave a Reply

Your email address will not be published.


*