പത്തനംതിട്ട സിപിഐഎമ്മിൽ നേതൃമാറ്റം. രാജു എബ്രഹാം സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി. മൂന്ന് ടേം പൂർത്തിയായ നിലവിലെ സെക്രട്ടറി കെ പി ഉദയഭാനുവിന്റെ ഒഴിവിലേക്കാണ് ,സംസ്ഥാന സമിതി അംഗമായ രാജു എബ്രഹാം എത്തുന്നത്. കോൺഗ്രസിന്റെ ഉരുക്ക് കോട്ടയായ റാന്നിയിൽ ദീർഘകാലം എംഎൽഎയായിരുന്നു രാജു എബ്രഹാം. കൂടുതൽ അഭിപ്രായ വ്യത്യാസങ്ങളില്ലാതെ എതിരില്ലാതെയാണ് പത്തനംതിട്ട ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് രാജു എബ്രഹാമിനെ തിരഞ്ഞെടുത്തത്. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ ടിഡി ബൈജു, പി ബി ഹർഷകുമാർ എന്നിവരുടെ പേരുകളും ജില്ലാ സെക്രട്ടറി പരിഗണന പട്ടികയിൽ ഉണ്ടായിരുന്നു.
മുതിർന്ന ചില നേതാക്കൾ ഒഴിവായി പുതുമുഖങ്ങൾക്ക് അവസരം നൽകുമെന്ന് നേരത്തെ തന്നെ നേതൃത്വം വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ കമ്മിറ്റി പാനലിൽ 6 പുതുമുഖങ്ങളെയാണ് ഇത്തവണ തിരഞ്ഞെടുത്തിരിക്കുന്നത്. തിരുവല്ല ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്നും അച്ചടക്ക നടപടിയിലൂടെ നീക്കം ചെയ്യപ്പെട്ട ഫ്രാൻസിസ് വി ആന്റണി ജില്ലാ കമ്മിറ്റിയിൽ ഉണ്ട്. ഫ്രാൻസിസിനെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തരുതെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് തിരുവല്ല ജില്ലാ സെക്രെട്ടറിയേറ്റിന്റെ ഭാഗത്ത് നിന്നടക്കം എതിർപ്പുകൾ ഉയർന്നിരുന്നു എന്നാൽ അതൊന്നും വകവെക്കാതെയാണ് സംസ്ഥാന നേതൃത്വം ഫ്രാൻസിസ് വി ആന്റണിയെ വീണ്ടും കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തിട്ടുള്ളത്. തിരുവല്ലയിലെ ജനകീയ മുഖവും സംഘടനാ തലത്തിൽ ശക്തമായ പ്രതിനിധി എന്നീ കാരണങ്ങൾ കണക്കിലെടുത്തുകൊണ്ടാണ് ഫ്രാൻസിസിനെ കമ്മിറ്റിയിൽ ഇത്തവണയും ഉൾപ്പെടുത്തിയിരിക്കുന്നത്.
Be the first to comment