തിരുവനന്തപുരം: വർക്കലയിൽ വിവാഹത്തലേന്ന് അച്ഛൻ കൊല്ലപ്പെട്ടതിനെ തുടർന്ന് മാറ്റിവച്ച വിവാഹം നടന്നു. വർക്കല ശിവഗിരി ക്ഷേത്രത്തിലാണ് വിവാഹം നടന്നത്. വിവാഹത്തലേന്ന് നാലംഗ സംഘം വീട്ടിൽ അതിക്രമിച്ച് കയറി അച്ഛനെ കൊലപ്പെടുത്തിയതിനെ തുടർന്നാണ് വിവാഹം മാറ്റിവച്ചത്. ശിവഗിരി ശാരദാ മഠത്തിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. കൈപിടിച്ചു നൽകാൻ പിതാവ് ഇല്ലാത്തിന്റെ വേദന ശ്രീലക്ഷ്മിയുടെയും കുടുംബത്തിന്റെയും മുഖത്ത് നിഴലിക്കുമ്പോഴും രാജുവിന്റെ ആഗ്രഹം പൂർത്തിയായ സംതൃപ്തിയിലാണു ശ്രീലക്ഷ്മിയുടെ കുടുംബം. അച്ഛന്റെ ചിത്രത്തിനു മുന്നിൽ കൈകൂപ്പി പ്രാർഥിച്ച് അച്ഛന്റെ കുഴിമാടത്തിലെത്തി അനുഗ്രഹം തേടിയാണ് ശ്രീലക്ഷ്മി വിവാഹപന്തിലലേക്ക് എത്തിയത്.
നേരത്തെ ഈ വിവാഹം നിശ്ചയിച്ച ദിവസത്തിന്റെ തലേന്ന് രാത്രിയാണ് രാജു കൊല്ലപ്പെട്ടത്. ശ്രീലക്ഷ്മിയുടെ കുടുംബം കടുത്ത സങ്കടക്കടലിൽ നിൽക്കെ വിവാഹം മാറ്റിവച്ചിരുന്നു. പിന്നീട് കുടുംബത്തിന് എല്ലാ വിധ പിന്തുണയും നൽകി വിനുവും കുടുംബവും ഒപ്പം നിന്നു. വിനുവിന്റെ കുടുംബം മുൻകൈയെടുത്താണ് മാറ്റിവച്ച വിവാഹം ശാരദാമഠത്തിൽ വച്ച് നടത്തിയത്.
Be the first to comment