രാമക്കല്ലിലെ വ്യൂ പോയിന്‍റില്‍ പോകാം; പ്രവേശന വിലക്ക് നീക്കി തമിഴ്‌നാട് സര്‍ക്കാര്‍

ഇടുക്കി: ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ രാമക്കല്‍മേട്ടിലെത്തുന്ന സഞ്ചാരികള്‍ക്ക് ഇനി നിരാശരായി മടങ്ങേണ്ട. വ്യൂ പോയിന്‍റിലേക്ക് തമിഴ്‌നാട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി. ഏറെ നാളായി വ്യൂ പോയിന്‍റിലേക്ക് ട്രക്കിങ് ആഗ്രഹിച്ച് വന്ന നിരവധി പേരാണ് സ്ഥലം സന്ദര്‍ശിക്കാനാകാതെ മടങ്ങിയിരുന്നത്.

കേരള തമിഴ്‌നാട് അതിര്‍ത്തിയിലെ പ്രധാന ആകര്‍ഷണമാണ് രാമക്കല്‍ വ്യൂ പോയിന്‍റ്. ചെങ്കുത്തായ മലമടക്കുകയും തമിഴ്‌നാട്ടിലെ പരന്ന് കിടക്കുന്ന കൃഷിയിടങ്ങളും വീശിയടിക്കുന്ന കുളിര്‍ക്കാറ്റുമാണ് രാമക്കല്‍ മേട്ടിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ഓഗസ്റ്റിലാണ് മേഖലയിലേക്കുള്ള സഞ്ചാരികളുടെ വരവിന് തമിഴ്‌നാട് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയത്.

സംരക്ഷിത വനമേഖലയില്‍ ഉള്‍പ്പെടുന്ന ഇവിടെ സ്ഥിരമായി സന്ദര്‍ശകരെത്തുന്നത് പ്രകൃതിക്ക് ദോഷമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിലക്കേര്‍പ്പെടുത്തിയത്. സ്ഥലം സന്ദര്‍ശിക്കാനെത്തുന്നവര്‍ വന്‍ തോതില്‍ മേഖലയില്‍ പ്ലാസ്‌റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ തള്ളുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു തമിഴ്‌നാടിന്‍റെ നടപടി. എന്നാലിപ്പോള്‍ മേഖലയില്‍ മാലിന്യങ്ങള്‍ തള്ളരുതെന്ന ഉപാധികളോടെയാണ് സര്‍ക്കാര്‍ വിലക്ക് നീക്കിയിട്ടുള്ളത്.

ഇതുസംബന്ധിച്ച് സഞ്ചാരികള്‍ക്ക് നിര്‍ദേശം നല്‍കുന്നതിനായി കരുണാപുരം പഞ്ചായത്തിലെ താത്‌കാലിക ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്. അതോടൊപ്പം മേഖലയിലെ വിവിധയിടങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നതിനായി വേസ്റ്റ് ബിന്നുകളും സ്ഥാപിച്ചിട്ടുണ്ട്.

 

Be the first to comment

Leave a Reply

Your email address will not be published.


*