‘കലാമണ്ഡലം ജീവനക്കാരെ പിരിച്ചു വിട്ട നടപടി പിന്‍വലിക്കണം’: രമേശ് ചെന്നിത്തല

കേരള കലാമണ്ഡലത്തിലെ അധ്യാപകരടക്കമുള്ള മുഴുവന്‍ താല്‍ക്കാലിക ജീവനക്കാരെയും ഒറ്റയടിക്കു പിരിച്ചു വിട്ട നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. കലാമണ്ഡലത്തിലെ നൂറുകണക്കിന് വിദ്യാര്‍ഥികളുടെ പഠനത്തെ സമ്പൂര്‍ണമായും അവതാളത്തിലാക്കുന്ന നടപടിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

വെറും 61 അധ്യാപകരെ വെച്ച് 140 ല്‍ പരം കളരികള്‍ എങ്ങനെ നടത്തും എന്ന കാര്യം കൂടി കലാമണ്ഡലം ചെയര്‍മാനും സാംസ്‌കാരിക വകുപ്പ് മന്ത്രിയും വ്യക്തമാക്കണം. കലാണ്ഡലത്തിന്റെ ഉന്നതമായ കലാപാരമ്പര്യത്തെയും കലാപഠനത്തെയും നിഷേധിക്കുന്ന നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകരുത് – അദ്ദേഹം പറഞ്ഞു.

റോഡുകളും പാലങ്ങളും ഉണ്ടാക്കല്‍ മാത്രമല്ല സര്‍ക്കാരുകളുടെ ചുമതല. നമ്മുടെ കലയും പാരമ്പര്യവും സംസ്‌കാരവും സംരക്ഷിക്കല്‍ കൂടിയാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം അതിനെ ഹനിച്ചു കൊണ്ടു മുന്നോട്ടു പോകുന്ന എന്തു നിലപാടും സാംസ്‌കാരികമായ ജീര്‍ണതയിലേക്കു നയിക്കുമെന്നും വ്യക്തമാക്കി. കലാമണ്ഡലം കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തിന്റെ നേര്‍ പ്രതീകവും ഏറ്റവും വലിയ സാംസ്‌കാരിക പ്രസ്ഥാനവുമാണ്. അവിടെ അധ്യാപരില്ലാതാവുകയെന്നാല്‍ സര്‍ക്കാരിന്റെ സാംസ്‌കാരികാപചയം കൂടിയാണ്. നമ്മുടെ എല്ലാ സമരങ്ങളും ആത്യന്തികമായി കലയും സംസ്‌കാരവും സംരക്ഷിക്കാനുള്ളതു കൂടിയാണ്. അധ്യാപകരെ പിരിച്ചു വിടാനുള്ള കലാണ്ഡലത്തിന്റെ തീരുമാനം ഉടന്‍ പിന്‍വലിക്കണം. കലാമണ്ഡലത്തിന്റെ അക്കാഡമിക പ്രവര്‍ത്തനങ്ങള്‍ തടസമില്ലാതെ മുന്നോട്ടു കൊണ്ടുപോകാനുള്ള നടപടികള്‍ സ്വീകരിക്കണം – ചെന്നിത്തല പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*