‘ലഹരിമാഫിയയുടെ അടിവേരറുക്കാൻ തെരുവുകളിലേക്കിറങ്ങാം, പുഞ്ചിരിക്കുന്ന നല്ല കേരളത്തെ രൂപപ്പെടുത്താം’; രമേശ് ചെന്നിത്തല

ലഹരിക്കെതിരെ പോരാടാന്‍ കേരള ജനതക്ക് തുറന്ന കത്തുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തെ ലഹരിമാഫിയയുടെ നീരാളിപ്പിടുത്തത്തിൽനിന്ന മോചിപ്പിക്കണെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ലഹരിമാഫിയയുടെ അടിവേരറുക്കാൻ നമുക്ക് തെരുവുകളിലേക്കിറങ്ങാമെന്നാണ് രമേശ് ചെന്നിത്തല കുറിച്ചു.

ലഹരിമാഫിയയുടെ അടിവേരറുക്കാതെ നമുക്ക് പിടിച്ചു നില്‍ക്കാനാവില്ല. അതിനായി രാഷ്ട്രീയ, മതഭേദമെന്യേ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും പ്രസ്ഥാനങ്ങളും മാധ്യമ സ്ഥാപനങ്ങളും മതസംഘടനകളും കുടുംബശ്രീകളും വീട്ടമ്മമാരും ചെറുപ്പക്കാരും വിദ്യാര്‍ഥി പ്രസ്ഥാനങ്ങളും പൊതുപ്രവര്‍ത്തകരും ഉണര്‍ന്നെഴുന്നേല്‍ക്കണ്ട സമയമായിരിക്കുന്നു.

സര്‍ക്കാരിനൊപ്പം, പൊലീസിനൊപ്പം, എക്‌സൈസിനൊപ്പം പൊതുജനങ്ങള്‍ കൂടി അണി ചേര്‍ന്നാലേ നമുക്ക് ലഹരി മാഫിയയെ ചെറുക്കാന്‍ കഴിയുകയുള്ളു. എല്ലാ മനസുകളും ഒറ്റ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

കത്തിന്റെ പൂർണ രൂപം

കേരളം ഇന്ന് ലഹരിമാഫിയയുടെ നീരാളിപ്പിടുത്തത്തിലേക്കു വഴുതിവീഴുകയാണ്. നമ്മുടെ കുഞ്ഞുങ്ങള്‍, നമ്മുടെ അടുത്ത തലമുറ ഈ വിഷത്തിന്റെ ഇരകളായി മാറുന്നു. രാസലഹരിയില്‍ മൂല്യബോധം നഷ്ടപ്പെടുന്ന ഇവരില്‍ ചിലര്‍ എന്തു ക്രൂരതയ്ക്കും മടിക്കാത്ത നരാധമന്‍മാരാകുന്ന കാഴ്ച നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. ഒരു വിഭാഗം കൗമാരക്കാരിലും ചെറുപ്പക്കാരിലും അക്രമവാസന വല്ലാതെ വര്‍ധിക്കുന്നു. കേരളത്തിലെ വീടുകളില്‍ ചോരമണമുയരുന്നു. ലഹരിമരുന്ന് അവരുടെ മനുഷ്യത്വത്തെ കാര്‍ന്നു തിന്നുന്നു.

ഈ ലഹരിമാഫിയയുടെ അടിവേരറുക്കാതെ നമുക്ക് പിടിച്ചു നില്‍ക്കാനാവില്ല. അതിനായി രാഷ്ട്രീയ, മതഭേദമെന്യേ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും പ്രസ്ഥാനങ്ങളും മാധ്യമ സ്ഥാപനങ്ങളും മതസംഘടനകളും കുടുംബശ്രീകളും വീട്ടമ്മമാരും ചെറുപ്പക്കാരും വിദ്യാര്‍ഥി പ്രസ്ഥാനങ്ങളും പൊതുപ്രവര്‍ത്തകരും ഉണര്‍ന്നെഴുന്നേല്‍ക്കണ്ട സമയമായിരിക്കുന്നു. നമ്മള്‍ രംഗത്തിറങ്ങിയേ മതിയാകു. ഒരു സപര്യ പോലെ ഈ യജ്ഞം ഏറ്റെടുത്തേ മതിയാകൂ.

സര്‍ക്കാരിനൊപ്പം, പൊലീസിനൊപ്പം, എക്‌സൈസിനൊപ്പം പൊതുജനങ്ങള്‍ കൂടി അണി ചേര്‍ന്നാലേ നമുക്ക് ലഹരി മാഫിയയെ ചെറുക്കാന്‍ കഴിയുകയുള്ളു. എല്ലാ മനസുകളും ഒറ്റ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കണം.

ക്യാംപെയ്‌നുകളും ബോധവല്‍ക്കരണ പരിപാടികളും മുക്കിലും മൂലയിലും പോലും നടക്കണം. മയക്കുമരുന്നുപയോഗം തുടക്കത്തില്‍ തന്നെ കണ്ടെത്താനും റീഹിബിലിറ്റേറ്റ് ചെയ്യാനുമുള്ള പരിശീലനം മാതാപിതാക്കള്‍ക്കു ലഭിക്കേണ്ടതുണ്ട്. എല്ലാ സംഘടനകളും അവരുടെ സമ്പൂര്‍ണ ശ്രദ്ധ ഈ വിഷയത്തിലേക്കു തിരിച്ചു വിടണം.

ലഹരിമരുന്നു വില്‍പനക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ അധികൃതര്‍ക്കു കൈമാറാനുള്ള ജാഗ്രതാ സമിതികള്‍ ഗ്രാമഗ്രാമാന്തരങ്ങളില്‍ രൂപപ്പെടണം. സര്‍ക്കാര്‍ ഇവര്‍ക്കൊപ്പം കൈകോര്‍ത്തു പ്രവര്‍ത്തിക്കണം.

ലാഭേച്ഛയ്ക്കായി വയലന്‍സ് കുത്തിനിറച്ച സിനിമകള്‍ പടച്ചിറക്കുന്ന സിനിമാപ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ സാമൂഹികപ്രതിബദ്ധതയോടെ ഇത്തരം രംഗങ്ങള്‍ ഒഴിവാക്കുകയും കേരളത്തെ ലഹരി/വയലന്‍സ് വിമുക്തമാക്കാനുള്ള ഈ ശ്രമത്തില്‍ പങ്കാളികളാവുകയും വേണം.

ഓര്‍ക്കുക, ഈ നിര്‍ണായക സമയത്ത് നിശബ്ദരായിരിക്കുന്നവര്‍ ചരിത്രത്താല്‍ വിധിക്കപ്പെടും.

വരു നമുക്ക് വീടുകളില്‍ നിന്ന് തുടങ്ങാം. കുട്ടികള്‍ക്കൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാം. അവരുടെ മാനസികാരോഗ്യപ്രശ്‌നങ്ങള്‍ കണ്ടെത്തി പരിഹരിക്കാം. നല്ല രക്ഷിതാക്കള്‍ ആകാന്‍ മാതാപിതാക്കള്‍ക്ക് ബോധവല്‍ക്കരണവും പരിശീലനവും നല്‍കാം.

തെരുവുകളിലേക്കിറങ്ങാം. ലഹരിമാഫിയയുടെ അടിവേരറുക്കാം. മാനവികതയുടെ സന്ദേശങ്ങള്‍ പരത്താം. പുഞ്ചിരിക്കുന്ന ഒരു നല്ല കേരളത്തെ രൂപപ്പെടുത്താം.

വിശ്വസ്തതയോടെ
രമേശ് ചെന്നിത്തല

Be the first to comment

Leave a Reply

Your email address will not be published.


*