‘മുഖ്യമന്ത്രിക്ക് താത്പര്യമുള്ള കമ്പനി’; മദ്യകമ്പനിക്ക് അനുമതി നല്‍കിയതില്‍ അഴിമതിയെന്ന് ചെന്നിത്തല

പാലക്കാട് എലപ്പുള്ളിയിൽ വൻകിട മദ്യ നിർമ്മാണശാലക്ക് അനുമതി നൽകിയതിൽ അഴിമതി ആരോപണം ഉന്നയിച്ച് പ്രതിപക്ഷം. മുഖ്യമന്ത്രിക്ക് താൽപര്യമുള്ള കമ്പനിയ്ക്കാണ് അനുമതി നൽകിയത്.തെലങ്കാനയിലെ മുൻ സർക്കാരും കേരളത്തിലെ സർക്കാരും തമ്മിലുള്ള ബന്ധമാണ് പദ്ധതിക്ക് അനുമതി നൽകാൻ കാരണം. ഇത് സ്വജന പക്ഷപാതവും അതുവഴി അഴിമതിയുമാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.

നന്ദിപ്രമേയ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് മദ്യശാലക്ക് അനുമതി നൽകിയതിൽ രമേശ് ചെന്നിത്തല സർക്കാരിനെതിരെ ആരോപണം ഉന്നയിച്ചത്. ഇടത് മുന്നണിയിൽ ചർച്ച ചെയ്യാതെയാണ് ഒയാസിസ് കമ്പനിക്ക് മദ്യ നിർമ്മാണ ശാലക്ക് അനുമതി നൽകിയത്. മുഖ്യമന്ത്രിക്ക് താൽപര്യമുള്ള കമ്പനിയാണിത്. സർക്കാർ ഉത്പാദിപ്പിക്കുന്ന ജവാൻ മദ്യത്തിന് വെള്ളം കൊടുക്കുന്നില്ല.
മഴനിഴൽ പ്രദേശത്ത് പദ്ധതി തുടങ്ങാൻ എന്ത് ശാസ്ത്രീയ പഠനം നടത്തിയാണ് അനുമതി നൽകിയത്?, മന്ത്രി കൃഷ്ണൻ കുട്ടി എന്തുകൊണ്ട് ഒരക്ഷരം പറയുന്നില്ലെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

സഭയിലെ ആരോപണത്തിൽ ആരാണ് അഴിമതി നടത്തിയെതെന്നതിൽ അടക്കം വ്യക്തത നൽകാതിരുന്ന രമേശ് ചെന്നിത്തല പിന്നിട് വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രിയും തെലങ്കാനയിലെ മുൻ മുഖ്യമന്ത്രിയും തമ്മിലുളള ബന്ധമാണ് അനുമതിക്ക് വഴിവെച്ചതെന്ന് ആരോപിച്ചു.

മദ്യനിർമ്മാണശാലക്ക് അനുമതി നൽകിയ മന്ത്രിസഭാ തീരുമാനം വിവാദമായതോടെ സിപിഐക്ക് ആശങ്കയുണ്ട്. പദ്ധതിയുടെ ജലചൂഷണത്തിലാണ് സിപിഐയുടെ ആശങ്ക. എല്ലാ വിവരങ്ങളും പുറത്ത് വരട്ടെ, അതിന് ശേഷം നിലപാട് വ്യക്തമാക്കാമെന്നാണ് സിപിഐ നേതൃത്വത്തിന്റെ ധാരണ.

Be the first to comment

Leave a Reply

Your email address will not be published.


*