എൻഎസ്എസിനോടും സുകുമാരൻ നായരോടും നന്ദിപറഞ്ഞ് രമേശ് ചെന്നിത്തല. പരിപാടിയിൽ പങ്കെടുക്കാൻ സാധിച്ചത് സൗഭാഗ്യമാണ്, കേരളത്തിലാകമാനം പുരോഗതിയുടെ വഴികൾ കാട്ടികൊടുക്കാൻ മന്നത്ത് പത്മനാഭൻ ശ്രമിച്ചിട്ടുണ്ട്. ചരിത്രത്തിന്റെ തങ്ക താളുകളിൽ അദ്ദേഹം സമൂഹത്തിന് വേണ്ടി ചെയ്ത കാര്യങ്ങൾ വ്യക്തമായി തന്നെ എഴുതപ്പെട്ടിട്ടുള്ളതാണ്. സ്വന്തം സമുദായത്തിന്റെ ശക്തി ദൗർബല്യങ്ങൾ ഇത്രയും ആഴത്തിൽ മനസ്സിലാക്കിയ മറ്റൊരു വ്യക്തിയെ നമുക്ക് കാണാൻ സാധിക്കില്ലെന്നും 148-ാമത് മന്നം ജയന്തി ആഘോഷത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനത്തിൽ രമേശ് ചെന്നിത്തല പറഞ്ഞു.
ശൂന്യതയിൽ നിന്ന് സാമ്രാജ്യം കെട്ടിപ്പടുത്ത വ്യക്തിയാണ് മന്നത്ത് പത്മനാഭൻ. അണികളെയും സമൂഹത്തെയും നയിക്കാൻ കഴിയുന്ന ഒരു നേതാവാണ് അദ്ദേഹം. വീടുകളിൽ ചെന്ന് അവരോടൊപ്പം നിന്നുകൊണ്ട് എൻഎസ്എസ്എസിന്റേയും വിദ്യാഭ്യാസ സ്ഥാപനങ്ങളും കെട്ടിപ്പടുക്കാൻ അദ്ദേഹം നടത്തിയ ശ്രമങ്ങൾ ചെറുതല്ല, ഈ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നായർ സമുദായത്തിൽ ഉള്ളവർ മാത്രമല്ല മറ്റുള്ളവരും പഠിക്കുന്നുണ്ട്, എല്ലാവർക്കും തുല്യത അതായിരുന്നു അദ്ദേഹത്തിന്റെ ദർശനം. തന്റെ സന്നിഗ്ദ്ധ ഘട്ടത്തിൽ അഭയം തന്നത് എൻഎസ്എസ് ആണ്, എൻഎസ്എസുമായുള്ള ബന്ധം ആര് വിചാരിച്ചാലും മുറിച്ച് മാറ്റാനാകില്ല. തന്റെ പൊതുജീവിതവും വിദ്യാഭ്യാസ കാലവും എൻഎസ്എസ് കോളജിൽ നിന്നാണ് ആരംഭിക്കുന്നത് അത് ഒരിക്കലും മറക്കാൻ സാധിക്കില്ല.
ശബരിമല വിഷയത്തിൽ എൻഎസ്എസ് നടത്തിയ സമരം ശ്രദ്ധേയമാണ്. ശബരിമലയിൽ വിശ്വാസ സമൂഹത്തിന് നീതി കിട്ടാൻ എൻഎസ്എസ് നടത്തിയ പോരാട്ടം എന്നും ഓർമ്മിക്കപ്പെടും.ശബരിമലയിൽ സർക്കാരും കോടതിയും അനീതി കാട്ടിയപ്പോൾ വിശ്വാസ സമൂഹത്തിനായി എൻഎസ്എസ് പോരാടി. രാഷ്ട്രീയ രംഗത്ത് ആവശ്യമായ ഘട്ടങ്ങളിൽ സുകുമാരൻ നായർ ഇടപെടുന്നത് ആശാവഹമായ കാര്യമാണ്.
മന്നത്ത് പത്മനാഭൻ ഇടപെട്ട പോലെ സുകുമാരൻ നായരും ഇടപെടൽ നടത്തുന്നു. സാമൂഹിക രാഷ്ട്രീയ മേഖലയിലെ ഈ ഇടപെടൽ ആശാവഹമാണ്.
മത നിരപക്ഷതയുടെ ശ്രേഷ്ഠവും കുലീനവുമായ ബ്രാൻഡ് ആണ് എൻഎസ്എസ്. എൻഎസ്എസ് മുന്നോട്ടു വയ്ക്കുന്ന മതനിരപക്ഷ പാലിക്കാൻ ഇപ്പോഴത്തെ ജനറൽ സെക്രട്ടറി അടക്കം ജാഗ്രത പാലിക്കുന്നുണ്ടെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
Be the first to comment