പാര്‍ട്ടിയില്‍ കൂടിയാലോചന വേണം, പ്രവര്‍ത്തകര്‍ക്ക് വിഷമം ആകുന്നതിനാല്‍ ഇപ്പോള്‍ കൂടുതലൊന്നും പറയുന്നില്ല: രമേശ് ചെന്നിത്തല

കോണ്‍ഗ്രസിലെ അതൃപ്തി തുറന്ന് പറഞ്ഞ് രമേശ് ചെന്നിത്തല. പാര്‍ട്ടിയില്‍ കൂടിയാലോചന വേണമെന്നും, പ്രവര്‍ത്തകര്‍ക്ക് വിഷമം ആകുന്നതിനാലാണ് പലതും തുറന്നു പറയാത്തതെന്നും രമേശ് ചെന്നിത്തല  പറഞ്ഞു. കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് കെ സുധാകരനെ മാറ്റേണ്ട സാഹചര്യം ഇപ്പോള്‍ ഇല്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

കെ സുധാകരനെ അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കാനുള്ള യാതൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മാധ്യമങ്ങളില്‍ ഇത്തരം വാര്‍ത്ത വരുന്നത് എങ്ങനെയെന്ന് അറിയില്ല. സര്‍ക്കാരിനെതിരായ ജനവികാരം ഇപ്പോള്‍ ശക്തമാണ്. അതിനാല്‍ തന്നെ ഈ സാഹചര്യത്തില്‍ എല്ലാവരും ഒന്നിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസ് ജനാധിപത്യ പാര്‍ട്ടിയാണെന്ന് ഓര്‍മ വേണം. എല്ലാം കൂടിയാലോചിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റേയും പ്രതിപക്ഷ നേതാവ് വി ഡി സതീശന്റേയും പ്രവര്‍ത്തനങ്ങളില്‍ രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് അതൃപ്തിയുണ്ടെന്ന വാര്‍ത്തകള്‍ക്കിടെയാണ് രമേശ് ചെന്നിത്തലയുടെ തുറന്നുപറച്ചില്‍. കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് ഉടന്‍ ഉണ്ടാകില്ലെന്നും രമേശ് ചെന്നിത്തല സൂചിപ്പിച്ചു.

മുന്‍പ് തെരഞ്ഞെടുപ്പ് ചുമതല നല്‍കാത്തതില്‍ ചാണ്ടി ഉമ്മന്‍ അതൃപ്തി പ്രകടിപ്പിച്ചപ്പോള്‍ രമേശ് ചെന്നിത്തല അതിനെ പിന്തുണച്ചത് വലിയ വാര്‍ത്തയായിരുന്നു. ചാണ്ടി ഉമ്മന്റെ വിമര്‍ശനങ്ങളും നേതാക്കളുടെ പിന്തുണയും വി ഡി സതീശനെതിരായ പടയൊരുക്കത്തിന്റെ സൂചനയെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് രമേശ് ചെന്നിത്തല അതൃപ്തി പരസ്യമാക്കിയിരിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*