പൗരത്വഭേദഗതി നിയമത്തെ ശക്തമായി എതിര്‍ത്തത് കോണ്‍ഗ്രസും യുഡിഎഫും: രമേശ് ചെന്നിത്തല

തിരുവനന്തപുരം: പൗരത്വഭേദഗതി നിയമത്തെ ശക്തമായി എതിര്‍ത്തത് കോണ്‍ഗ്രസും യുഡിഎഫുമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി മുതലക്കണ്ണീര്‍ ഒഴുക്കുകയാണ്. വോട്ട് തട്ടാനാണ് മുഖ്യമന്ത്രിയുടെ മുതലക്കണ്ണീര്‍. പൗരത്വനിയമത്തിനെതിരായ സമരത്തെ പിന്നില്‍ നിന്ന് കുത്തിയത് പിണറായി വിജയനാണെന്നും ചെന്നിത്തല ആരോപിച്ചു. പ്രതിഷേധ സമരങ്ങളെ പൊലീസിനെ ഉപയോഗിച്ച് സര്‍ക്കാര്‍ നേരിട്ടു. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തത് ഈ മുഖ്യമന്ത്രിയാണ്. ടി സിദ്ദിഖിനെ അടക്കം അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു.

യോഗി ആദിത്യനാഥ് പോലും ചെയ്യാത്ത വിധത്തിലാണ് പിണറായി സമരത്തെ നേരിട്ടത്. കേസുകളിലൂടെ സമരത്തെ ദുര്‍ബലപ്പെടുത്താന്‍ മുഖ്യമന്ത്രി ശ്രമിച്ചു. മൂന്ന് മാസമായി വാര്‍ത്താസമ്മേളനം നടത്താത്ത മുഖ്യമന്ത്രി ഇപ്പോള്‍ വാര്‍ത്താ സമ്മേളനം നടത്തിയത് എന്തിനാണെന്ന് എല്ലാവര്‍ക്കും അറിയാം. കേന്ദ്രസര്‍ക്കാരിനെ സന്തോഷിപ്പിക്കാനാണ് പിണറായി സര്‍ക്കാര്‍ കേസുകള്‍ പിന്‍വലിക്കാത്തത്. സംസ്ഥാന സര്‍ക്കാരിന് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ കേസുകള്‍ പിന്‍വലിക്കണമെന് ചെന്നിത്തല ആവശ്യപ്പെട്ടു.

കേരളത്തില്‍ ഡിറ്റന്‍ഷന്‍ സെന്റര്‍ ആരംഭിക്കാന്‍ നടപടി സ്വീകരിച്ചത് ആരാണ്? എന്നിട്ട് മാറി നിന്ന് കോണ്‍ഗ്രസിനെയും യുഡിഎഫിനെയും മുഖ്യമന്ത്രി കുറ്റപ്പെടുത്തുന്നു. കോണ്‍ഗ്രസിനെ വിമര്‍ശിച്ച ആവേശം മുഖ്യമന്ത്രി ഗവര്‍ണറെ വിമര്‍ശിക്കുന്നതില്‍ കാണിച്ചില്ല. സിപിഐഎമ്മിന്റെ മുഖംമൂടി അഴിഞ്ഞുവീണു. പിണറായി വിജയന്റെ ഉപദേശം വേണ്ട. രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്ന മുഖ്യമന്ത്രി അദ്ദേഹത്തിന്റെ പ്രസംഗം കേള്‍ക്കാന്‍ തയ്യാറാകണം. രാഹുലിന്റെ പ്രസംഗം തര്‍ജ്ജിമ ചെയ്യാന്‍ മുഖ്യമന്ത്രി ഒരാളെ ചുമതലപ്പെടുത്തണമെന്നും ചെന്നിത്തല പരിഹസിച്ചു.

 

 

 

Be the first to comment

Leave a Reply

Your email address will not be published.


*