ബിജെപിയുടെ ഗുഡ്ബുക്കിൽ പേര് വന്ന മുഖ്യമന്ത്രിയാണ് പിണറായി; ചെമ്പ് തെളിഞ്ഞുവെന്ന് രമേശ് ചെന്നിത്തല

പത്തനംതിട്ട: കേരളത്തില്‍ 20 ൽ 20 സീറ്റും യുഡിഎഫ് നേടുമെന്ന് രമേശ് ചെന്നിത്തല. യുഡിഎഫ് അനുകൂല തരംഗമാണ് സംസ്ഥാനത്ത് നിലവില്‍ ഉള്ളത്. ഭരണവിരുദ്ധ വികാരം ശക്തമാണ്. ഇതാണ് മുഖ്യമന്ത്രിയെ വിറളി പിടിപ്പിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ബിജെപിയുടെ ബി ടീം എന്ന നിലയിലാണ് സിപിഐഎം പ്രവർത്തിക്കുന്നത്. മോദിയുടെ പ്രീതി പിടിച്ച് പറ്റാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. മോദിയുടെ പേര് മുഖ്യമന്ത്രി പറയുന്നില്ല. അമിത് ഷായുടെ പേര് പറയാൻ മുഖ്യമന്ത്രിക്ക് ഭയമാണ്. മുഖ്യമന്ത്രിയുടെ ചെമ്പ് തെളിഞ്ഞു. ബിജെപിയുമായി ചേർന്ന് കോൺഗ്രസിനെ തകർക്കാനാണ് സിപിഐഎം ശ്രമമെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

സിപിഐഎമ്മും ബിജെപിയും തമ്മില്‍ ഭായ് ഭായ് ബന്ധമാണ്. കോൺഗ്രസിനെ തകർക്കാൻ ഇരുകൂട്ടരും ഒരുമിച്ച് ശ്രമിക്കുന്നു. പിടിക്കപ്പെട്ട കള്ളനേപ്പോലെയാണ് മുഖ്യമന്ത്രി. ബിജെപിയുടെ ഗുഡ് ബുക്കിൽ പേര് വന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. ബിജെപിയുമായി സിപിഐഎമ്മിന് ശക്തമായ ധാരണയാണ് ഉള്ളത്. മാസപ്പടിക്കേസിൽ നടപടിയില്ല. മുഖ്യമന്ത്രിക്ക് തൻ്റെ യഥാർത്ഥ ചിത്രം അനാവരണം ചെയ്യപ്പെട്ടതിൻ്റ ദേഷ്യമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
രാഹുലിൻ്റെ ജനപ്രീതിയിൽ സിപിഐഎമ്മിന് അസ്വസ്ഥതയുണ്ട്. രാഹുൽ ഗാന്ധിയെ കേരളത്തിലേക്ക് ഞങ്ങള്‍ ക്ഷണിച്ച് വരുത്തിയതാണ്. ഒളിച്ചോടി വന്നതല്ല രാഹുൽ ഗാന്ധി. ഒളിച്ചോട്ടം മുഴുവൻ സിപിഐഎമ്മിനാണ്. മോദിയെ കാണുമ്പോൾ പിണറായി കവാത്ത് മറക്കുന്നു. മുഖ്യമന്ത്രി ഭരണ നേട്ടം പറയുന്നില്ല. മന്ത്രിമാരും പറയുന്നില്ല. മന്ത്രിമാരുടെ ജോലി അനൗൺസ്മെൻ്റ് മാത്രം. മന്ത്രിമാരെ സ്റ്റേജ് കെട്ടൽ മൈക്ക് വയ്ക്കൽ തുടങ്ങിയ പണികളാണ് മുഖ്യമന്ത്രി ഏൽപ്പിക്കുന്നതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
സ്വർണ്ണക്കടത്ത് കേസ് രാജ്യദ്രോഹക്കുറ്റമാണ്. കെ സുരേന്ദ്രനെതിരായ കേസ് ആവിയായി പോയി. ബിജെപിയും സിപിഐഎമ്മും തമ്മിൽ ധാരണയുണ്ട്. ആരാണ് ഇഡി യെ വിളിച്ച് വരുത്തിയത്? മുഖ്യമന്ത്രി കത്തെഴുതിയിട്ടല്ലേ ഇഡി വന്നത്? മോദിയുമായുള്ള ബന്ധം വച്ച് ഇഡി ഒന്നും ചെയ്യില്ല എന്ന് മുഖ്യമന്ത്രിക്കറിയാമെന്നും .ഇലക്ട്രറൽ ബോണ്ട് നിലവില്‍ ഉണ്ടായിരുന്ന ഒരു സിസ്റ്റമാണ്. അതുകൊണ്ട് കോൺഗ്രസും ഇലക്ടറൽ ബോണ്ട് വാങ്ങി. എന്നാല്‍ ഇലക്ടറൽ ബോണ്ട് വാങ്ങിയിട്ട് ഒരു ആനുകൂല്യവും കോൺഗ്രസ് ആർക്കും ചെയ്ത് കൊടുത്തിട്ടില്ല എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*