മനുഷ്യന്‍റെ ഗതികേട് മുതലെടുത്ത് വോട്ട് പിടിക്കരുതെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് റംസാൻ-വിഷു ചന്തകള്‍ തുടങ്ങുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കേര്‍പ്പെടുത്തിയതിനെതിരെ കണ്‍സ്യൂമര്‍ഫെഡ് നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. മനുഷ്യന്‍റെ ഗതികേട് മുതലെടുത്ത് വോട്ട് പിടിക്കരുതെന്നും ഹൈക്കോടതി വിമര്‍ശിച്ചു. ചന്ത തുടങ്ങാൻ തീരുമാനിച്ച സമയമാണ് അസ്വസ്ഥതപ്പെടുത്തുന്നതെന്ന് ഹര്‍ജി പരിഗണിക്കുന്നതിനിടെ ഹൈക്കോടതി ചൂണ്ടികാട്ടി. തെരഞ്ഞെടുപ്പ് കമ്മീഷനെ ഇക്കാര്യത്തില്‍ എങ്ങനെ കുറ്റം പറയാനാകുമെന്നും കോടതി ആരാഞ്ഞു.

ജനങ്ങള്‍ക്ക് വേണ്ടിയുള്ള തീരുമാനം ആണെങ്കില്‍ നൂറ് ശതമാനവും കോടതി സര്‍ക്കാരിനൊപ്പം നില്‍ക്കും. ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയാണെങ്കില്‍ നേരത്തെ സര്‍ക്കാര്‍ അനുമതി നല്‍കേണ്ടയെന്നും കോടതി ചോദിച്ചു. 13 സാധനങ്ങൾ സബ്സിഡി നിരക്കിൽ തരുന്നു എന്ന് പറഞ്ഞ് സർക്കാർ അജണ്ട ഉണ്ടാക്കുന്നതിനെ ആണ് തെരെഞ്ഞെടുപ്പ് കമ്മീഷൻ എതിർക്കുന്നത്.

ഒരു മനുഷ്യന്‍റെ ഗതികേട് മുതലെടുത്ത് വോട്ട് പിടിക്കുന്നതിനെ അംഗീകരിക്കാൻ കഴിയില്ലെന്നും കോടതി വിമര്‍ശിച്ചു. വിതരണത്തിനുള്ള സാധനങ്ങളെല്ലാം വാങ്ങിയെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. തുടര്‍ന്ന് മാര്‍ച്ച് ആറിന് രജിസ്ട്രാറിന് നല്‍കിയ ശുപാര്‍ശ ഹാജരാക്കാൻ കോടതി നിര്‍ദ്ദേശിച്ചു. ഹര്‍ജി ഉച്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*