
ന്യൂഡല്‍ഹി: കിങ് കോഹ്ലിയുടെ, പതിറ്റാണ്ടിനു ശേഷമുള്ള രഞ്ജി ട്രോഫി മത്സരം ആഘോഷിക്കാനായി കോട് ലയില്‍ എത്തിയ അയ്യായിരത്തിലേറെ വരുന്ന ആരാധകരെ നിരാശയിലാഴ്ത്തി താരം ആറു റണ്‍സിനു പുറത്ത്. റെയില്‍വേസുമായുള്ള മത്സരത്തില്‍ വെറും പതിനഞ്ചു പന്താണ് കോഹ്ലി ക്രീസില്‍ നിന്നത്. പേസര്‍ ഹിമാംശു സാങ്വന്റെ പന്തില്‍ കോഹ്ലി ക്ലീന്‍ ബൗള്‍ഡാകുകയായിരുന്നു. കോഹ്ലി പുറത്തായതിനു പിന്നാലെ ആരാധകരും സ്റ്റേഡിയം വിട്ടു.
നേരത്തെ മത്സരത്തിന്റെ ആദ്യ ഇന്നിങ്സില്‍ റെയില്‍വേസ് 241 റണ്‍സിന് പുറത്തായിരുന്നു. മറുപടിയായി കളിച്ച ഡല്‍ഹിക്ക് വേണ്ടി നാലാം നമ്പരിലാണ് കോഹ്ലി ബാറ്റിങ്ങിന് ഇറങ്ങിയത്. പുറത്താകുന്നതിന് മുമ്പ് കോഹ്ലി സ്ട്രെയിറ്റ് ഡ്രൈവിലൂടെ ബൗണ്ടറി നേടി. വീണ്ടും സമാനമായ ഷോട്ടിന് ശ്രമിച്ചപ്പോള്‍ പുറത്താകുകയായിരുന്നു.
വിരാട് കോഹ്ലി കളിക്കുന്നതുകൊണ്ട് തന്നെ ഡല്‍ഹി- റെയില്‍വേസ് രഞ്ജി മത്സരം കണാന്‍ കാണികള്‍ കൂടിയിരുന്നു. മത്സരം കാണാന്‍ ഇന്നലെ പുലര്‍ച്ചെ മൂന്ന് മണി മുതല്‍ ആരാധകര്‍ സ്റ്റേഡിയത്തിലേക്ക് എത്തി. ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തിലെ ഒരു സ്റ്റാന്‍ഡ് മാത്രമായിരുന്നു ആദ്യം കാണികള്‍ക്കായി തുറന്നു കൊടുത്തിരുന്നത്. തിരക്ക് കൂടിയതോടെ രണ്ട് സ്റ്റാന്‍ഡുകള്‍ കൂടി അധികൃതര്‍ തുറന്നിരുന്നു.
ഓസ്ട്രേലിയന്‍ പര്യടനത്തിലെ സീനയര്‍ താരങ്ങളുടെ മോശം പ്രകടനത്തില്‍ താരങ്ങള്‍ അഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന് ബിസിസിഐ നിര്‍ദേശിച്ചിരുന്നു. കഴിഞ്ഞയാഴ്ച ഇന്ത്യന്‍ നായകന് രോഹിത് ശര്‍മ മുംബൈക്കായി രഞ്ജിയില്‍ കളിച്ചിരുന്നു.
Be the first to comment