രഞ്ജി കിരീടം എന്ന സ്വപനം അകലുന്നു, വിദര്‍ഭ പിടിമുറുക്കി! കരുണ്‍ നായർക്ക് സെഞ്ച്വറി

രഞ്ജി ട്രോഫി ഫൈനലില്‍ കേരളത്തിനെതിരെ വിദര്‍ഭയുടെ ലീഡ് 200 കടന്നു. നിലവിൽ 226 റൺസിന്റെ ലീഡ് വിദർഭയ്ക്ക് ഉണ്ട്. രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗ് തുടരുന്ന വിദര്‍ഭ നാലാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 189 റണ്‍സെടുത്തിട്ടുണ്ട്.

കരുണ്‍ നായര്‍ 100, യാഷ് റാത്തോഡ്(0) എന്നിവര്‍ ക്രീസിലുണ്ട്. 31 റണ്‍സെടുത്ത് നില്‍ക്കെ കരുണ്‍ നല്‍കിയ അവസരം സ്ലിപ്പില്‍ അക്ഷയ് ചന്ദ്രന്‍ വിട്ടുകളഞ്ഞു. ഇനി മത്സരം സമനിലയില്‍ അവസാനിച്ചാല്‍ പോലും ഒന്നാം ഇന്നിംഗ്സ് ലീഡിന്റെ പിന്‍ബലത്തില്‍ വിദര്‍ഭ ചാമ്പ്യൻമാരാകും. കേരളത്തിന് കന്നി രഞ്ജി കിരീടം നേടണമെങ്കില്‍ മത്സരം ജയിക്കുക അല്ലാതെ വേറെ വഴിയില്ല.
.
ഓപ്പണര്‍മാരായ പാര്‍ത്ഥ് രെഖാതെ (1), ധ്രുവ് ഷോറെ (5) ഡാനിഷ് മലേവാര്‍ (67) എന്നിവരുടെ വിക്കറ്റുകളാണ് വിദര്‍ഭയ്ക്ക് നഷ്ടമായത്. എം ഡി നിധീഷ്, ജലജ് സക്‌സേന എന്നിവര്‍ക്കാണ് വിക്കറ്റ്. രണ്ടാം ഇന്നിംഗ്‌സില്‍ ഏഴ് റണ്‍സിനിടെ തന്നെ വിദര്‍ഭയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടമായി.

രെഖാതെ, ജലജിന്റെ പന്തില്‍ ബൗള്‍ഡായപ്പോള്‍ ധ്രുവിനെ നിധീഷ് വിക്കറ്റ് കീപ്പര്‍ മുഹമ്മദ് അസറുദ്ദീന്റെ കൈകളിലെത്തിക്കുകയായിരുന്നു. പിന്നീട് മലേവാര്‍ – കരുണ്‍ സഖ്യം ഇതുവരെ 163 റണ്‍സ് കൂട്ടിചേര്‍ത്തു. നേരത്തെ വിദര്‍ഭയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 379നെതിരെ കേരളം 342ന് പുറത്താവുകയായിരുന്നു.

നേരത്തെ സച്ചിന്‍ ബേബി (98), ആദിത്യ സര്‍വാതെ (79) എന്നിവരുടെ ഇന്നിംഗ്സാണ് കേരളത്തിന് ആശ്വാസമായത്. മൂന്ന് വിക്കറ്റ് വീതം നേടിയ ദര്‍ശന്‍ നാല്‍കണ്ഡെ, ഹര്‍ഷ് ദുബെ, പാര്‍ത്ഥ് രെഖാതെ എന്നിവരുടെ പ്രകടനമാണ് കേരളത്തിന് ഒന്നാം ഇന്നിംഗ്സ് ലീഡ് നിഷേധിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*