കോട്ടയത്ത് സീരിയല്‍ നടിക്കൊപ്പം ഷൂട്ടിങ് കാണാനെത്തിയ ചെറുമകളെ ബലാത്സംഗം ചെയ്തു, നടന് 136 വര്‍ഷം കഠിനതടവ്

കോട്ടയം: സീരിയല്‍ നടിക്കൊപ്പം സിനിമ ഷൂട്ടിങ് കാണാനെത്തിയ ചെറുമകളെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത സിനിമ-സീരിയല്‍ നടന് 136 വര്‍ഷം കഠിന തടവും 1,97,500 രൂപ പിഴയും ശിക്ഷ വിധിച്ചു. കങ്ങഴ കടയിനിക്കാട് കോണേക്കടവ് ഭാഗത്ത് മടുക്കക്കുഴി വീട്ടില്‍ എം കെ റെജിയെയാണ്(52) ഈരാറ്റുപേട്ട ഫാസ്റ്റ്ട്രാക്ക് പ്രത്യേക കോടതി ശിക്ഷിച്ചത്.

ഈരാറ്റുപേട്ട ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് റോഷന്‍ തോമസാണ് വിധി പറഞ്ഞത്. പ്രതി പിഴ അടച്ചാല്‍ 1,75000 രൂപ അതിജീവിതയ്ക്ക് നല്‍കുന്നതിനും ഉത്തരവായിട്ടുണ്ട്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലേയും പോക്‌സോ ആക്ടിലേയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ വിധിച്ചത്.

2023 മെയിലായിരുന്നു സംഭവം. സിനിമയിലും സീരിയലിലും ജൂനിയര്‍ ആര്‍ടിസ്റ്റുകളെ എത്തിച്ച് നല്‍കുന്നയാളുമാണ് പ്രതി. സിനിമ ചിത്രീകരണത്തിനെത്തിയ മുത്തശ്ശിയുടെ കൂടെ ഷൂട്ടിങ് കാണാനെത്തിയതായിരുന്നു പെണ്‍കുട്ടി. ചിത്രീകരണത്തിനിടെ മഴ പെയ്ത സമയം ലൊക്കേഷനില്‍ നിന്ന് കുട്ടിയെ മുത്തശ്ശിയുടെ അടുത്തെത്തിക്കാമെന്ന് പറഞ്ഞ് വാനില്‍ കയറ്റിക്കൊണ്ടു പോയി. യാത്രയ്ക്കിടയില്‍ ശാരീരികമായി ഉപദ്രവിച്ച ശേഷം ഈരാറ്റുപേട്ട തിടനാട്ടുള്ള ആളില്ലാത്ത വീട്ടിലെത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. അവശയായ പെണ്‍കുട്ടിയെ ചങ്ങനാശ്ശേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് സംഭവം പുറത്തായത്.

അന്നത്തെ ചങ്ങനാശ്ശേരി സ്റ്റേഷന്‍ എസ്എച്ച്ഒയായിരുന്ന റിച്ചാര്‍ഡ് വര്‍ഗീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പിന്നീട് തിടനാട് എസ്എച്ച്ഒ ആയിരുന്ന പി ജി രാജേഷ് തുടരന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

തിടനാട് എസ്എച്ച്ഒയായിരുന്ന കെ കെ പ്രശോകാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം തയ്യാറാക്കിയത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജോസ് മാത്യു തയ്യില്‍ ഹാജരായി.

 

Be the first to comment

Leave a Reply

Your email address will not be published.


*