
നിയമ സഹായം തേടിയെത്തിയ യുവതിയെ പീഡനത്തിനിരയാക്കിയ കേസിൽ പ്രതിയായ മുന്‍ ഗവണ്മെന്റ് പ്ലീഡര്‍ പി. ജി മനുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പത്ത് ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥൻ മുന്‍പാകെ ഹാജരാകണമെന്നാണ് കോടതി നിർദേശം.
തനിക്കെതിരെ പീഡനമടക്കം കുറ്റങ്ങൾ ചുമത്തി ചോറ്റാനിക്കര പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് മനു നൽകിയ ഹർജിയാണ് ജസ്റ്റിസ് പി ഗോപിനാഥ് പരിഗണിച്ചത്. പീഡനത്തിനിരയായ യുവതി കേസ് ഒത്തുതീർപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കാണ് നിയമ സഹായം തേടി തന്നെ സമീപിച്ചതെന്നും പരാതിക്കാരി ആരോപിക്കുന്ന വിധത്തിലുള്ള കുറ്റകൃത്യം തന്നിൽ നിന്നുണ്ടായിട്ടില്ലെന്നുമായിരുന്നു മനുവിന്റെ വാദം. ജോലി സംബന്ധമായ ശത്രുതയെ തുടർന്ന് തന്റെ അന്തസും സത്പേരും തകർക്കാനുള്ള ചിലരുടെ ആസൂത്രിതമായ ശ്രമത്തിന്റെ ഭാഗമായി യുവതി വ്യാജ പരാതി നൽകുകയായിരുന്നെന്നും അദ്ദേഹം ആരോപിച്ചു.
ജാമ്യ ഹര്‍ജിയെ എതിർത്ത് ഇരയും കേസിൽ കക്ഷി ചേർന്നിരുന്നു. സഹായം തേടി ചെന്ന തന്നെ അഭിഭാഷകൻ പല തവണ ലൈംഗികമായി ചൂഷണം ചെയ്യുകയും രണ്ട് തവണ ബലാത്സംഗം ചെയ്യുകയും ചെയ്തതെന്നാണ് യുവതിയുടെ ഹർജി. കേസിൽ ഇരയുടെ ശാരീരികവും മാനസികവുമായ സ്ഥിതി വ്യക്തമാക്കുന്ന മെഡിക്കൽ റിപ്പോർട്ടും കേസ് ഡയറിയും കോടതി പരിശോധിച്ചിരുന്നു. അറസ്റ്റ് ചെയ്താൽ ഉടൻ മജിസ്ട്രേറ്റിന് മുന്‍പാകെ ഹാജരാക്കണമെന്നും ജാമ്യാപേക്ഷ കാലതാമസം കൂടാതെ പരിഗണിക്കണമെന്നും കോടതി നിർദേശിച്ചു.
Be the first to comment