
കൊൽക്കത്തയിൽ ഡോക്ടറെ ബലാത്സംഗത്തിനിരയാക്കി കൊലചെയ്ത സംഭവത്തിൽ സിബിഐ സമർപ്പിച്ച റിപ്പോർട്ട് അസ്വസ്ഥപ്പെടുത്തുന്നതെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. മെഡിക്കൽ കോളേജ് ആശുപത്രികളിൽ ആവശ്യത്തിന് സിസിടിവികളും സ്ത്രീകൾക്ക് ശൗചാലയങ്ങളും ഉറപ്പാക്കണമെന്ന് പശ്ചിമബംഗാൾ സർക്കാരിന് നിർദേശവും നൽകി. “ഞങ്ങൾ വായിച്ച റിപ്പോർട്ടിലെ വിവരങ്ങൾ അസ്വസ്ഥപ്പെടുത്തുന്നതാണ്” എന്നാണ് സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിന്റെ വാദത്തിനിടയിൽ ചീഫ് ജസ്റ്റിസ് പറഞ്ഞു. റിപ്പോർട്ട് തങ്ങൾ പൂർണമായും വായിച്ചു എന്നും വിവരങ്ങൾ വെളിപ്പെടുത്തുന്നത് അന്വേഷണത്തെ ബാധിക്കുന്നതിനാൽ റിപ്പോർട്ടിന്റെ ഉള്ളടക്കം വെളിപ്പെടുത്തുന്നില്ല എന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചെർത്തു. കോടതി സ്വമേധയാ എടുത്ത കേസിൽ വാദം തുടരുന്നു.
കേസിൽ ഹാജരാകുന്ന വനിതാ അഭിഭാഷകരുടെ സുരക്ഷയെ മുൻനിർത്തി കോടതിനടപടികളുടെ ലൈവ് സ്ട്രീമിംഗ് താൽക്കാലികമായി നിർത്തിവെക്കണമെന്ന് ബംഗാൾ സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ആവശ്യപ്പെട്ടെങ്കിലും കോടതി അതിനു തയ്യാറായില്ല. എല്ലാ സുരക്ഷാ ഭീഷണിയേയും കോടതി അഭിമുഖീകരിക്കാമെന്ന് ഉറപ്പുനൽകിയ ചീഫ് ജസ്റ്റിസ് സുതാര്യത ഉറപ്പാക്കാൻ കോടതി നടപടികളുടെ ലൈവ് സ്ട്രീം നിർത്തിവയ്ക്കാൻ കഴിയില്ലെന്ന് പറഞ്ഞു.
മുഖ്യമന്ത്രിയുമായി ആദ്യം നിശ്ചയിച്ച യോഗത്തിൽ നിന്നും പ്രതിഷേധത്തിലുള്ള ജൂനിയർ ഡോക്ടർമാർ പിന്മാറാൻ കാരണം യോഗം ലൈവ് സ്ട്രീം ചെയ്യണം എന്ന ആവശ്യം നിരസിച്ചതാണ്. എന്നാൽ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും ഡോക്ടർമാർ ഉന്നയിച്ച അഞ്ചിൽ നാല് ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കുകയും ചെയ്തിരുന്നു.
മാത്രവുമല്ല പ്രതിഷേധക്കാരുടെ പ്രധാനപ്പെട്ട ആവശ്യങ്ങളിലൊന്നായിരുന്നു മെഡിക്കൽ കോളേജുകളിൽ ആവശ്യമായ സിസിടിവികൾ സ്ഥാപിക്കണമെന്നതും സെക്യൂരിറ്റി ഉദ്യോഗസ്ഥരെ നിയമിക്കണമെന്നതും. ഈ ആവശ്യങ്ങളും കോടതി തുടക്കത്തിൽ തന്നെ സർക്കാരിനുവേണ്ടി ഹാജരായ കപിൽ സിബലിന് മുന്നിൽ വച്ചു.
അതേസമയം ഒരുമാസത്തിലധികമായി തുടരുന്ന പണിമുടക്ക് സമരം തുടരുകയാണ്. ആരോഗ്യവകുപ്പ് ആസ്ഥാനമായ സ്വാസ്ഥ്യ ഭവനുമുന്നിൽ ജൂനിയർ ഡോക്ടർമാർ കുത്തിയിരിപ്പു സമരം തുടരുകയാണ്. മുഖ്യമന്ത്രി മമത ബാനർജിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ കൊൽക്കത്ത പോലീസ് കമ്മീഷണർ വിനീത് ഗോയലിനെയും ഡെപ്യുട്ടി പോലീസ് കമ്മീഷണറെയും സ്ഥാനത്തു നിന്നും മാറ്റാൻ ധാരണയായിരുന്നു. ആശുപത്രികളിലെ അടിസ്ഥാന സൗകര്യ വികസനവും ഡോക്ടർമാർക്ക് സുരക്ഷയും മുഖ്യമന്ത്രി കൂടിക്കാഴ്ചയിൽ ഉറപ്പുനൽകിയിരുന്നു. ഈ പോലീസ് ഉദ്യോഗസ്ഥരെ സ്ഥാനത്ത് നിന്ന് മാറ്റിയതിനു ശേഷം മാത്രമേ തങ്ങൾ സമരം അവസാനിപ്പിക്കൂ എന്ന നിർബന്ധത്തിലാണ് ജൂനിയർ ഡോക്ടർമാർ സമരത്തിൽ തുടരുന്നത്.
Be the first to comment