കോതമംഗലം: വർഷത്തിൽ ഒരു തവണ മാത്രം മണ്ണിനടിയിൽ നിന്ന് പുറത്തുവരുന്ന അപൂർവമായി മാത്രം കാണപ്പെടുന്ന പാതാള തവളയെ ഭൂതത്താൻകെട്ടിൽ കണ്ടെത്തി. മലയാറ്റൂർ ഫോറെസ്റ്റ് ഡിവിഷനിലെ തുണ്ടത്തിൽ റെയിഞ്ചിലെ തേക്ക് തോട്ടത്തിന് സമീപത്തെ റോഡിൽ ബീറ്റ് ഫോറസ്‌റ്റ് ഓഫീസർ ജി.ഗോകുലാണ് പാതാള തവളയെ കണ്ടെത്തിയത്. ബലൂൺ തവള,പർപ്പിൾ തവള എന്നി പേരുകളും ഇതിന് ഉണ്ട്.
സഹ്യപർവതനിരകളിൽ മാത്രം കാണപ്പെടുന്ന ഒരിനം തവളയാണ് പന്നിമൂക്കൻ തവള അല്ലെങ്കിൽ പർപ്പിൾ ഫ്രോഗ്. ശാസ്ത്രീയനാമം നാസികാബത്രാക്കസ് സഹ്യഡെൻസിസ് എന്നാണ്. പാതാളത്തവള (പാതാൾ) എന്നും കുറവൻ എന്നും അറിയപ്പെടുന്ന, സൂഗ്ലോസിഡെ കുടുംബത്തിൽപ്പെടുന്ന ഇവ ജീവിച്ചിരിക്കുന്ന ഫോസിൽ ആയി കണക്കാക്കപ്പെടുന്നു. മാവേലിത്തവള എന്നും അറിയപ്പെടുന്ന പാതാളിൻ്റെ ബന്ധുക്കൾ മഡഗാസ്കറിലും സെയ്‌ഷെൽസ് ദ്വീപു കളിലുമാണ് ഉള്ളത്.
പ്രായപൂർത്തിയായാൽ ഇവയ്ക്ക് കടും പാടലവർണമായിരിക്കും. ഏകദേശം 7 സെന്‍റി മീറ്റർ വരെ നീളമുള്ള ഇവ മണ്ണിനടിയിലാണ് ജീവിതത്തിൻ്റെ മുഖ്യഭാഗവും ചിലവഴിക്കുന്നത്. മണ്ണിനടിയിലുള്ള ചിതലുകളാണ് മുഖ്യ ആഹാരം. എന്നാൽ മൺസൂൺ കാലത്ത് പ്രത്യുത്പാദന സമയത്ത് മാത്രം രണ്ടാഴ്ചയോളം ഇവ പുറത്തേക്ക് വരും. തവളയുടെ വാൽമാക്രി ഘട്ടം കഴി ഞ്ഞാൽ പാതാള തവള മണ്ണിനടിയിലേക്കു പോകും. പിന്നീട് വർഷത്തിൽ ഒരിക്കൽ മാത്രമാണ് പുറത്തേക്കു വരുന്നത്.
അതു കൊണ്ടാണ് ഇതിന് മാവേലിത്തവള എന്നൊരു പേരുകൂടിയുള്ളതെന്ന് പറയുന്നു. പാതാള തവളയെ സംസ്‌ഥാനത്തിൻ്റെ ഔദ്യോഗിക തവളയാക്കാൻ ശ്രമം നടക്കുന്നുണ്ട്. സംസ്ഥാന വന്യ ജീവി സംരക്ഷണ ബോർഡ് ഇക്കാര്യത്തിൽ ഉടൻ തീരുമാനമെടുക്കും. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ തവള കേരളത്തിൽ അപൂർവമായി കാണപ്പെടുന്നതാണെന്നു പ്രശസ്ത വന്യജീവി ശാസ്ത്രഞ്ജൻ ഡോ. ആർ സുഗതൻ പറഞ്ഞു.
Be the first to comment