രത്തൻ ടാറ്റ എന്ന മനുഷ്യ സ്‌നേഹി, സമ്പത്തിന്‍റെ ഭൂരിഭാഗവും ചെലവഴിച്ചത് ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്, രാജ്യത്തിന്‍റെ പ്രിയങ്കരൻ വിടപറയുമ്പോള്‍

മുംബൈ: രാജ്യത്തെ ഒരു പ്രമുഖ വ്യവസായി ആയിരിക്കുമ്പോഴും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കിയ മഹത്‌ വ്യക്തിത്വം കൂടിയായിരുന്നു രത്തൻ ടാറ്റ. ഇന്ത്യയിലെ ജനങ്ങൾക്ക് ഇത്രയേറെ ഇഷ്‌ടപ്പെട്ട മറ്റൊരു വ്യവസായി ഇതുവരെ ഉണ്ടായിട്ടില്ല. രാജ്യത്തെ തന്നെ ഏറ്റവും വലിയ മനുഷ്യ സ്‌നേഹികളിൽ ഒരാളായി രത്തൻ ടാറ്റയെ കണക്കാക്കപ്പെടുന്നു. എല്ലാ സാധാരണക്കാരോടുമുള്ള അടുപ്പവും കാരുണ്യപരമായ സമീപനവും പ്രതിസന്ധിഘട്ടങ്ങളിലെ സഹാസഹായഹസ്‌തം മറ്റു പല വ്യവസായ പ്രമുഖരിൽ നിന്നും രത്തൻ ടാറ്റയെ നല്ലൊരു മനുഷ്യ സ്‌നേഹിയാക്കി മാറ്റി.

ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, കുടിവെള്ളം തുടങ്ങി നിരവധി മേഖലകളിലെ തന്‍റെ പ്രവർത്തനത്തിലൂടെ ദശലക്ഷക്കണക്കിന് പേരെയാണ് രത്തൻ ടാറ്റയും ട്രസ്‌റ്റും ജീവിതത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്തിയത്. തന്‍റെ സമ്പത്തിന്‍റെ 66 ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായിരുന്നു രത്തൻ ടാറ്റ വിനിയോഗിച്ചത്. ഇന്ത്യയിലെ ഏറ്റവും വലിയ ചാരിറ്റബിൾ ഓർഗനൈസേഷനുകളിലൊന്നാണ് ടാറ്റ ട്രസ്‌റ്റുകൾ.

ടാറ്റയുടെ മാർഗനിർദേശപ്രകാരം വിദ്യാഭ്യാസം, ആരോഗ്യം, ഗ്രാമവികസനം എന്നിവയ്ക്ക് പ്രയോജനം ചെയ്യുന്ന പദ്ധതികളാണ് ടാറ്റ ട്രസ്‌റ്റ് വഴി രാജ്യത്തുടനീളം നടപ്പിലാക്കുന്നത്. ഒരു കമ്പനിയുടെ വിജയം സമൂഹത്തിന്‍റെ ക്ഷേമവുമായി അന്തർലീനമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് രത്തൻ ടാറ്റ വിശ്വസിച്ചിരുന്നത്. ടാറ്റ ട്രസ്‌റ്റുകൾ വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പുകൾ നൽകുകയും ഇന്ത്യയിലുടനീളമുള്ള സുസ്ഥിര വികസവന പദ്ധതികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

കൊവിഡ് കാലത്ത് ആഗോള പ്രതിസന്ധി ഘട്ടത്തിൽ രാജ്യത്തെ സഹായിക്കാൻ രത്തൻ ടാറ്റ 500 കോടി രൂപ സംഭാവന നൽകിയതും ശ്രദ്ധേയമാണ്. രത്തൻ ടാറ്റയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയ്‌ക്ക് പുറമെ ലോകമെമ്പാടും വ്യാപിച്ച് കിടക്കുന്നു. ന്യൂയോര്‍ക്കിലെ കോര്‍നെല്‍ യൂണിവേഴ്‌സിറ്റിയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി ടാറ്റ ട്രസ്‌റ്റ് 28 മില്യണ്‍ ഡോളര്‍ സ്‌കോളര്‍ഷിപ്പ് ഫണ്ട് സ്ഥാപിച്ചു. 2010ല്‍ ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളിന് 50 മില്യണ്‍ ഡോളര്‍ ടാറ്റ ട്രസ്‌റ്റ് സംഭാവന ചെയ്‌തിരുന്നു.

ലോക സമ്പന്നമാരുടെ പട്ടികയില്‍ ഇടംപിടിക്കാത്ത രത്തൻ ടാറ്റ, കാരണം ഇത്:

ടാറ്റ സൺസിന്‍റെ എമെരിറ്റസ് ചെയർമാനും ലോകത്തെ ഏറ്റവും സ്വാധീനമുള്ള വ്യവസായികളിൽ ഒരാളുമായ രത്തൻ ടാറ്റ ഇതുവരെ ലോക സമ്പന്നരുടെ പട്ടികയിലെ ആദ്യ സ്ഥാനങ്ങളില്‍ ഇടംപിടിച്ചിട്ടില്ല. 2022 ലെ ഐഐഎഫ്എൽ വെൽത്ത് ഹുറുൺ ഇന്ത്യ റിച്ച് ലിസ്‌റ്റ് പ്രകാരം 3,800 കോടി രൂപ ആസ്‌തിയുള്ള രത്തൻ ടാറ്റ ലോക കോടീശ്വരന്മാരില്‍ 421-ാം സ്ഥാനത്താണ്. ടാറ്റ സൺസിന്‍റെ സ്വത്തുകളില്‍ മൂന്നിൽ രണ്ട് ഓഹരിയും ടാറ്റ ട്രസ്‌റ്റിനാണ് മനുഷ്യ സ്‌നേഹി കൂടിയായ രത്തൻ ടാറ്റ വിട്ടുകൊടുത്തത്.

ടാറ്റ ഗ്രൂപ്പിന്‍റെ ലാഭത്തിന്‍റെ 66 ശതമാനത്തോളം സ്വത്തുക്കള്‍ ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, ജീവനക്കാരുടെ ക്ഷേമം എന്നിവയുള്‍പ്പെടെയുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ടാറ്റ ട്രസ്‌റ്റ് വിനിയോഗിക്കുന്നു. ടാറ്റ ട്രസ്‌റ്റിന്‍റെ കീഴിൽ അസം, ജാർഖണ്ഡ്, ആന്ധ്രാപ്രദേശ്, കർണാടക എന്നിവിടങ്ങളിൽ 10 കാൻസർ പരിചരണ ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നു. പാവപ്പെട്ടവർക്ക് ലോകോത്തര ചികിത്സ ഉറപ്പാക്കാനാണ് ഈ ആശുപത്രികളുടെ പ്രവര്‍ത്തനം.

ജീവനക്കാരെയും മൃഗങ്ങളെയും ഒരുപോലെ സ്‌നേഹിച്ച രത്തൻ ടാറ്റ

മുംബൈ ഭീകരാക്രമണത്തെത്തുടര്‍ന്ന് താജ് ഹോട്ടല്‍ അടച്ചിട്ടിരുന്നപ്പോഴും, ജീവനക്കാര്‍ക്ക് രത്തൻ ടാറ്റ ശമ്പളം ഉറപ്പുവരുത്തിയിരുന്നു. താജിൽ വെടിയേറ്റ് വീണ ജീവനക്കാരുടെ കുടുംബത്തെ ഏറ്റെടുക്കുകയും, അവർക്ക് വേണ്ട എല്ലാ സഹായങ്ങളും ഉറപ്പ് വരുത്തുകയും ചെയ്‌തു. എന്നും ലളിത ജീവിതം നയിച്ച രത്തൻ ടാറ്റ മനുഷ്യർക്ക് വേണ്ടി മാത്രമല്ല, തെരുവുനായകൾക്ക് വേണ്ടിയും രോഗാവസ്ഥയിലുള്ള മൃഗങ്ങൾക്ക് വേണ്ടിയുമെല്ലാം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്‌തിരുന്നു.

ഇതിനായി മുംബൈയിൽ ഈ വർഷം രത്തൻ ടാറ്റ ഒരു മൃഗാശുപത്രി തുടങ്ങിയിരുന്നു. 98,000 ചതുരശ്ര അടിയില്‍ സ്‌മാള്‍ അനിമല്‍ ഹോസ്‌പിറ്റല്‍ മുംബൈ എന്ന പേരിലാണ് 165 കോടി രൂപ മുടക്കി മൃഗങ്ങള്‍ക്കായി ഈ വര്‍ഷം ആശുപത്രി ആരംഭിച്ചത്. സിടി സ്‌കാനുകൾ, എംആർഐ, എക്‌സ്-റേ, അൾട്രാസൗണ്ട് എന്നിവ ഉൾപ്പെടെയുള്ള രാജ്യത്തെ തന്നെ അത്യാധുനിക ആശുപത്രിയാണ് മൃഗങ്ങള്‍ക്ക് വേണ്ടി രത്തൻ ടാറ്റ നിര്‍മിച്ചത്. ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണ് രത്തൻ ടാറ്റയെന്ന മനുഷ്യസ്‌നേഹി നേതൃത്വം നൽകിയത്.

 

Be the first to comment

Leave a Reply

Your email address will not be published.


*