റേഷൻ വ്യാപാരികളുടെ കമ്മിഷൻ: ആവശ്യമായ തുക അനുവദിക്കണം; കെആർഇഎഫ് ( എഐടിയുസി).

കോട്ടയം: റേഷൻ വ്യാപാരികളുടെ ഒക്ടോബർ മാസത്തെ കമ്മീഷൻ തുക 49 ശതമാനമായി ചുരുക്കിയ നടപടി പ്രതിഷേധാർഹമാണ് എന്ന് കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷൻ (എഐടിയുസി) സംസ്ഥാന കമ്മിറ്റി.

സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ റേഷൻ വ്യാപാരികൾക്ക് നൽകി വരുന്ന തുച്ഛമായ കമ്മീഷൻ തുക പകുതിയിൽ താഴെ മാത്രം നൽകാനുള്ള ധനവകുപ്പിന്റെ തീരുമാനം പിൻവലിക്കണം.കമ്മീഷൻ തുക പൂർണ്ണമായും നൽകുവാൻ ആവശ്യമായ തുക ധനവകുപ്പ് അനുവദിക്കണം. തുക അനുവദിക്കുന്ന കാര്യത്തിൽ തുടർച്ചയായി ധനവകുപ്പ് എടുക്കുന്ന നിയന്ത്രണങ്ങൾ റേഷൻ വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്നതാണ്.

കമ്മീഷൻ തുക ഇനത്തിൽ പരമാവധി ലഭിക്കുന്ന ഇരുപതിനായിരം രൂപയിൽ നിന്നാണ് കെട്ടിട വാടക, വൈദ്യുതി ചാർജ്, സെയിൽസ് മാൻമാർക്കുളള ശമ്പളം എന്നിവ നൽകേണ്ടത്.ഈ സാഹചര്യത്തിൽ റേഷൻ വ്യാപാരികൾക്ക് മാന്യമായി ജീവിക്കാൻ കഴിയും വിധം മിനിമം വേതനം കാലാനുസൃതമായി വർദ്ധിച്ചു നൽകുന്നതിനു പകരം റേഷൻ വ്യാപാരികളുടെ പ്രതിമാസ കമ്മീഷൻ തുക പൂർണമായും നൽകാതെ വെട്ടി ചുരുക്കുന്നത് അനീതിയാണ്. ആവശ്യമായ തുക അനുവദിച്ച് ഒക്ടോബർ മാസത്തെ കമ്മീഷൻ തുക പൂർണമായും നൽകുവാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് റേഷൻ എംപ്ലോയീസ് ഫെഡറേഷൻ (എഐടിയുസി) സംസ്ഥാന പ്രസിഡന്റ് ജെ ഉദയഭാനു, ജനറൽ സെക്രട്ടറി പി ജി പ്രിയൻ കുമാർ എന്നിവർ ആവശ്യപ്പെട്ടു.

Be the first to comment

Leave a Reply

Your email address will not be published.


*