സർവർ തകരാർ പരിഹരിച്ചു; റേഷൻ കടകൾ നാളെ തുറക്കും

ഇ പോസ് സർവർ തകരാർ പരിഹരിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ റേഷൻ കടകൾ നാളെ മുതൽ തുറന്ന് പ്രവർത്തിക്കുമെന്ന് നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ സംസ്ഥാനത്തെ അറിയിച്ചു. നാളെ രാവിലെ ഏഴ് ജില്ലകളിലും ഉച്ചയ്ക്ക് ശേഷം അവശേഷിക്കുന്ന ഏഴ്  ജില്ലകളിലും എന്ന നിലയിലായിരിക്കും മൂന്നാം തീയതി വരെയുള്ള റേഷൻ വിതരണം. സെർവർ തകരാറിനെ തുടർന്ന് മൂന്ന് ദിവസമാണ് സംസ്ഥാനത്തെ റേഷൻ കടകൾ അടച്ചിട്ടത്.

നിലവിലെ സര്‍‍വ്വറുകളില്‍ സൂക്ഷിച്ചിരിക്കുന്ന വിവരങ്ങൾ ക്ലൗഡ് സ്റ്റോറേജിലേയ്ക്ക് മാറ്റുന്ന പ്രക്രിയ നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ ഇന്ന് വൈകുന്നേരത്തോടെ പൂര്‍ത്തീകരിച്ചെന്ന് മന്ത്രി ജിആര്‍ അനില്‍ അറിയിച്ചു. ഇ-പോസ് മുഖേനയുള്ള റേഷന്‍ വിതരണം നാളെ മുതല്‍ പുന:സ്ഥാപിക്കാന്‍ കഴിയുമെന്ന് അദ്ദേഹം അറിയിച്ചു. 

നാളെ രാവിലെ 8 മണി മുതല്‍ 1 മണി വരെ മലപ്പുറം, തൃശ്ശൂര്‍, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിലാണ് റേഷൻ വിതരണം നടക്കുക.  ഉച്ച്യ്ക്ക് 2 മണി മുതല്‍ 7 മണി വരെ എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, കോട്ടയം, കാസർകോട്, ഇടുക്കി ജില്ലകളിലും റേഷന്‍ വിതരണം നടക്കും. മെയ് 3 വരെ പ്രസ്തുത സമയ ക്രമം തുടരും. 2023 മെയ് 5 വരെ ഏപ്രില്‍ മാസത്തെ റേഷന്‍ വിതരണം ഉണ്ടായിരിക്കും. മെയ് 6 മുതല്‍ മെയ് മാസത്തെ റേഷന്‍ വിതരണം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. 

 

Be the first to comment

Leave a Reply

Your email address will not be published.


*