റേഷൻ വ്യാപാരികൾ രാപകൽ സമരത്തിലേക്ക്

തൃശൂർ: റേഷൻ വിതരണം തകിടം മറിക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നു എന്നും, കേന്ദ്ര – സംസ്ഥാന സർക്കാരുകൾ റേഷൻ മേഖലയെ അവഗണിക്കുന്നു എന്നും ആരോപിച്ച് ചില്ലറ റേഷൻ വ്യാപാരികൾ കടകളടച്ച് രാപകൽ സമരം നടത്തും. ജൂലൈ 8, 9 തീയതികളിൽ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിലാണ് പ്രതിഷേധ സമരം.

സംസ്ഥാനത്തെ 14,300 ചില്ലറ റേഷൻ വ്യാപാരികൾ നേരിടുന്ന ദുരിതങ്ങൾ, മുഖ്യമന്ത്രി, ഭക്ഷ്യവകുപ്പ് മന്ത്രി, ധനവകുപ്പ് മന്ത്രി, വകുപ്പ് മേധാവികൾ തുടങ്ങിയവരെ ബോധ്യപ്പെടുത്തിയെങ്കിലും ഇനിയും പരിഹരിക്കപ്പെടാതെ കിടക്കുകയാണെന്ന് ഭാരവാഹികൾ പറയുന്നു. 2018ൽ നടപ്പിലാക്കിയ വേതന പാക്കേജ് പ്രകാരമാണ് ഇപ്പോഴും പ്രതിഫലം ലഭിക്കുന്നത്. ജീവിത നിലവാര സൂചികയുമായി ഒട്ടും പൊരുത്തപ്പെടാത്ത തുച്ഛമായ വേതനം കൊണ്ട് സെയിൽസ്മാന്‍റെ ശമ്പളം, ഭീമമായ കടവാടക തുടങ്ങിയ ചെലവുകൾ കഴിച്ച് സ്വന്തം ചെലവുകൾക്ക് വഴിയില്ലാതെ റേഷൻകട ഉടമകൾ നട്ടം തിരിയുകയാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

കമ്മീഷൻ അതതുമാസം വിതരണം ചെയ്യുന്നില്ല. മേയ്‌ മാസത്തെ വേതനം പോലും റേഷൻ ഉടമകൾക്ക് ഇതുവരെ ലഭിച്ചിട്ടില്ല. കൊവിഡ് ‌വ്യാപനകാല ഓണാഘോഷങ്ങളോടനുബന്ധിച്ചും സൗജന്യ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്ത വകയിലുള്ള കമ്മിഷനും കോടതി വിധിയെ അവഗണിച്ച് ഇപ്പോഴും കുടിശികയാണ്.

കേരള റേഷനിങ് ഓർഡർ പരിഷ്‌കരിച്ച് കെടിപിഡിഎസ് കൺട്രോൾ ഓർഡർ ഇറക്കിയപ്പോൾ നിലവിലുള്ള ലൈസൻസികൾക്ക് പ്രതികൂലമായ പലഭേദഗതികളും കൊണ്ടുവന്നു. ഇവ വ്യാപാരികളുമായി ചർച്ച ചെയ്‌തു പുതിയ ഉത്തരവ് നൽകാമെന്ന് പറഞ്ഞെങ്കിലും ചെയ്തിട്ടില്ല. റേഷൻ വ്യാപാരി ക്ഷേമനിധി പ്രവർത്തിക്കുന്നത് സർക്കാർ വിഹിതമില്ലാതെയാണ്. വ്യാപാരികൾക്ക് കാര്യമായ ആനുകൂല്യങ്ങളൊന്നും ലഭിക്കുന്നില്ല. ആരോഗ്യ ഇൻഷൂറൻസ്, പെൻഷൻ പദ്ധതികൾക്കായുള്ള പോലും ലഭ്യമാക്കാത്ത അവസ്ഥയാണുളളതെന്ന് റേഷൻ ഡീലേഴ്സ് കോ – ഓർഡിനേഷൻ സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.

റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് പരിഷ്ക്കരിക്കുക, കെടിപിഡിഎസ് ആക്‌ട് കാലോചിതമായി മാറ്റം വരുത്തുക, റേഷൻ വ്യാപാരി ക്ഷേമനിധി കാര്യക്ഷമമായി പരിഷകരിക്കുക, കിറ്റ് കമ്മിഷൻ വിതരണത്തിനായുളള കോടതി വിധി നടപ്പിലാക്കുക എന്നീ ആവശ്യങ്ങളാണ് രാപകൽ സമരത്തിൽ ഉന്നയിക്കുന്നത്. ആവശ്യങ്ങളിൽ ഉചിതമായ തീരുമാനം ഭരണകർത്താക്കളെടുത്തില്ലെങ്കിൽ സെപ്റ്റംബർ മുതൽ അനിശ്ചിതകാല സമരത്തിലേക്ക് കടക്കും.

Be the first to comment

Leave a Reply

Your email address will not be published.


*