യുപിഐ ഇടപാടുകള്‍ തുടരാനുള്ള പേടിഎം അപേക്ഷ പരിശോധിക്കാന്‍ എന്‍പിസിഐയോട് റിസര്‍വ് ബാങ്ക് നിര്‍ദേശം

തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷന്‍ പ്രൊവൈഡര്‍ (ടിപിഎപി) ആകാനുള്ള പേടിഎമ്മിന്റെ അപേക്ഷ പരിശോധിക്കാന്‍ നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ് എന്ന് ഔദ്യോഗികമായി അറിയപ്പെടുന്ന അപേക്ഷയാണ് നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യക്ക് സമര്‍പ്പിച്ചത്.

അപേക്ഷ അംഗീകരിക്കപ്പെട്ടാല്‍ ഇന്ത്യയിലെ ജനപ്രിയമായ ഏകീകൃത പേയ്മെന്റ് ഇന്റര്‍ഫേസ് വഴിയുള്ള പേയ്‌മെന്റുകള്‍ തുടരാന്‍ പേടിഎമ്മിനാകും. പേയ്മെന്റ് ബാങ്കിന്റെ ചില സേവനങ്ങള്‍ ആര്‍ബിഐ നിര്‍ത്തലാക്കിയതോടെയാണ് പേയ്മെന്റ് ആപ്പിന്റെ പ്രവര്‍ത്തനങ്ങളേയും അതു ബാധിച്ചു തുടങ്ങിയത്. ഇതോടെ വ്യാപാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ ആശങ്കയിലായിരുന്നു.

ഡിജിറ്റല്‍ പേയ്മെന്റ് കമ്പനിയായ പേടിഎമ്മിന് റിസര്‍വ് ബാങ്ക് നിരവധി നിര്‍ദേശങ്ങള്‍ നല്‍കിയതിനു പിന്നാലെ പേയ്മെന്റ് ബാങ്കിന്റെ ചില സേവനങ്ങള്‍ ആര്‍ബിഐ നിര്‍ത്തലാക്കിയിരുന്നു.

ഫെബ്രുവരി 29ന് ശേഷവും യുപിഐ, എന്‍സിഎംസി സേവനങ്ങള്‍ ഉപയോക്താക്കള്‍ക്ക് തുടരാനാകുമെന്നും പേടിഎം ഉറപ്പ് നല്‍കിയിരുന്നു. നിലവില്‍ പേടിഎമ്മുമായി സഹകരിക്കുന്ന ബാങ്കില്‍ നിന്നും യുപിഐ പേയ്മെന്റുകള്‍ സ്വീകരിക്കുന്ന വ്യാപാരികളെ മറ്റ് ബാങ്കുകളിലേക്ക് മാറ്റുമെന്ന് പേടിഎം പ്രസിഡന്റും സിഒഒയുമായ ഭാവേഷ് ഗുപ്ത വ്യക്തമാക്കിയിരുന്നു. നിരവധി ബാങ്കുകളുമായി ചര്‍ച്ച നടത്തിവരികയായിരുന്നു പേടിഎം. ഏകദേശം നാല് കോടിയോളം വ്യാപാരികളാണ് യുപിഐ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നത്.

സുഗമമായ പ്രവര്‍ത്തനത്തിന് നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ)യുടെയും ആര്‍ബിഐയുടെയും നിര്‍ദേശവും ആവശ്യമുണ്ടെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. അതേസമയം സേവിങ്സ് ബാങ്ക് അക്കൗണ്ട്, കറന്റ് അക്കൗണ്ട്, പ്രീപേയ്ഡ് ഉപകരണങ്ങള്‍, നാഷണള്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡ് എന്നിവയുള്‍പ്പെടെയുള്ള വിവിധ അക്കൗണ്ടുകളില്‍ നിന്നും പേടിഎം ഉപഭോക്താക്കള്‍ക്ക് നിയന്ത്രണങ്ങളില്ലാതെ പണം പിന്‍വലിക്കാനോ ഉപയോഗിക്കാനോ കഴിയുമെന്ന് ആര്‍ബിഐയും ഉറപ്പാക്കിയിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*