ന്യൂഡല്‍ഹി: നടപ്പുസാമ്പത്തികവര്‍ഷത്തെ ജിഡിപി വളര്‍ച്ചാ അനുമാനം കുറച്ച് റിസര്‍വ് ബാങ്ക്. 2024-25 സാമ്പത്തികവര്‍ഷത്തില്‍ ഇന്ത്യയുടെ പ്രതീക്ഷിത വളര്‍ച്ചാനിരക്ക് 6.6 ശതമാനമായാണ് കുറച്ചത്. നേരത്തെ 7.2 ശതമാനമായിരുന്നു ആര്‍ബിഐയുടെ അനുമാനം.
ജൂലൈ- സെപ്റ്റംബര്‍ പാദത്തില്‍ വളര്‍ച്ചാനിരക്ക് 5.4 ശതമാനമായാണ് താഴ്ന്നത്. ഇത് പ്രതീക്ഷിച്ചതിനേക്കാള്‍ കുറവാണെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് മാധ്യമങ്ങളോട് പറഞ്ഞു. ആറംഗ പണനയ നിര്‍ണയ സമിതിയുടെ (എംപിസി) നടപ്പുവര്‍ഷത്തെ (2024-25) അഞ്ചാം ദ്വൈമാസ യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ആര്‍ബിഐ ഗവര്‍ണര്‍. തുടര്‍ച്ചയായ പതിനൊന്നാം തവണയും പലിശനിരക്കില്‍ മാറ്റം വരുത്താത്ത പണ വായ്പാനയ പ്രഖ്യാപനമാണ് ആര്‍ബിഐ നടത്തിയത്.
നടപ്പുസാമ്പത്തികവര്‍ഷം ചില്ലറ പണപ്പെരുപ്പ നിരക്ക് കൂടുമെന്നാണ് ആര്‍ബിഐയുടെ അനുമാനം. നേരത്തെ പ്രവചിച്ചിരുന്ന 4.5 ശതമാനത്തില്‍ നിന്ന് 4.8 ശതമാനമായാണ് ഉയര്‍ത്തിയത്. നീണ്ടുനില്‍ക്കുന്ന ഭക്ഷ്യവില സമ്മര്‍ദങ്ങള്‍ മൂന്നാം പാദത്തിലും പണപ്പെരുപ്പം ഉയര്‍ത്താന്‍ സാധ്യതയുണ്ട്. എന്നാല്‍ റാബി ഉല്‍പ്പാദനം ആശ്വാസം നല്‍കുമെന്നും ആര്‍ബിഐ ഗവര്‍ണര്‍ പ്രത്യാശ പ്രകടിപ്പിച്ചു. സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിന് ന്യൂട്രല്‍ നിലപാട് തന്നെ തുടരുമെന്നും ശക്തികാന്ത ദാസ് അറിയിച്ചു.
Be the first to comment