തുടര്‍ച്ചയായ പത്താം തവണയും റിപ്പോ നിരക്ക് മാറ്റാതെ ആര്‍ബിഐ, വായ്പാ പലിശയും ഇഎംഐയും കുറയില്ല

തുടര്‍ച്ചയായ പത്താം തവണയും റിപ്പോ നിരക്ക് 6.5 ശതമാനത്തില്‍ നിന്ന് മാറ്റാതെ ആര്‍ബിഐ. ആര്‍ബിഐയുടെ പണനയ യോഗമാണ് റിപ്പോ നിരക്ക് വര്‍ധിപ്പിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. വളര്‍ച്ചാ അനുമാനം 7.2 ശതമാനത്തില്‍ നിലനിര്‍ത്തുകയും ചെയ്തിട്ടുണ്ട്. ചില്ലറ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഉയരാനുള്ള സാധ്യത കണക്കിലെടുത്താണ് തല്‍കാലം പലിശ കുറയ്ക്കേണ്ടെന്ന നിലപാടിലേക്ക് ആര്‍ബിഐ എത്തിയത്.

ഈ മാസം ഏഴിന് മുംബൈയില്‍ മോണിറ്ററി പോളിസി കമ്മിറ്റി യോഗം ചേര്‍ന്നപ്പോള്‍ ഏറെ പ്രതീക്ഷയിലായിരുന്നു രാജ്യത്തെ വ്യവസായ ലോകവും സാധാരണക്കാരും. സെപ്റ്റംബറില്‍ യുഎസ് ഫെഡറല്‍ റിസര്‍വ് അര ശതമാനം നിരക്കിളവിന് തയ്യാറായതോടെ ആര്‍ബിഐയും സമാന നിലപാട് സ്വീകരിച്ച് പലിശ നിരക്ക് കുറച്ചേക്കുമെന്നായിരുന്നു പൊതു വിലയിരുത്തല്‍. എന്നാല്‍ ആഗോള-ആഭ്യന്തര സാഹചര്യങ്ങള്‍ കൃത്യമായി വിശകലനം ചെയ്ത ആറംഗ മോണിറ്ററി പോളിസി കമ്മിറ്റി നിരക്കിളവിന് സമയമായില്ലെന്ന നിഗമനത്തിലേക്കെത്തുകയായിരുന്നു.

രാജ്യത്ത് കാലം തെറ്റിയെത്തിയ മഴ വിള കുറച്ചതും ഭക്ഷ്യ വിലക്കയറ്റം കൂടിയതും നിരക്കിളവിലേക്ക് കടക്കുന്നതില്‍ നിന്ന് ധനനയക്കമ്മിറ്റിയെ വിലക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ആഗോള സാഹചര്യവും നിരക്ക് കുറയ്ക്കലിലേക്ക് പോകാന്‍ അനുവദിക്കുന്നില്ല. പശ്ചിമേഷ്യയില്‍ യുദ്ധഭീതി നിലനില്‍ക്കുന്നത് വിവിധ മേഖലകളില്‍ സാമ്പത്തിക രംഗത്തെ ബാധിച്ചേക്കും. സപ്റ്റംബറിലെ വിലക്കയറ്റം കൂടിയേക്കുമെന്നും കമ്മിറ്റി കണക്കുകൂട്ടുന്നു. 2025 ലെ ജിഡിപി നിരക്ക് പ്രവചനം 7.2 ശതമാനത്തില്‍ നിലനിര്‍ത്താന്‍ തയ്യാറായത് വളര്‍ച്ചയില്‍ കമ്മിറ്റിക്ക് ആശങ്കയില്ലെന്ന് കൂടി വ്യക്തമാക്കുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*