യുപിഐ ലൈറ്റ് വാലറ്റ് പരിഷ്‌കരിച്ച് ആര്‍ബിഐ

മെച്ചപ്പെട്ട സേവനം ഉപയോക്താക്കള്‍ക്ക് നല്‍കുന്നതിന് യുപിഐ ലൈറ്റ് വാലറ്റ് പരിഷ്‌കരിച്ച് ആര്‍ബിഐ. നിശ്ചിത പരിധിയില്‍ ബാലന്‍സ് താഴെ പോകുകയാണെങ്കില്‍ ഓട്ടോമാറ്റിക്കായി പണം വരവുവെച്ച് യുപിഐ ലൈറ്റില്‍ പണം നിറയ്ക്കുന്ന സംവിധാനമാണ് ആര്‍ബിഐ അവതരിപ്പിച്ചത്. ചെറുകിട ഡിജിറ്റല്‍ ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് ആര്‍ബിഐ യുപിഐ ലൈറ്റ് കൊണ്ടുവന്നത്. നിലവില്‍ 2000 രൂപയാണ് പ്രതിദിന പരിധി. ഒറ്റത്തവണയായി 500 രൂപ വരെ മാത്രമേ കൈമാറാന്‍ സാധിക്കുകയുള്ളൂ.

യുപിഐ ലൈറ്റ് കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നതിന് വേണ്ടിയാണ് പുതിയ സംവിധാനം അവതരിപ്പിച്ചതെന്ന് ആര്‍ബിഐ അറിയിച്ചു. ഇ-മാന്‍ഡേറ്റ് ചട്ടക്കൂടിന് കീഴില്‍ കൊണ്ടുവന്നാണ് പുതിയ സംവിധാനം അവതരിപ്പിച്ചത്. യുപിഐ ലൈറ്റില്‍ ബാലന്‍സ് നിശ്ചയിക്കാന്‍ ഉപഭോക്താവിന് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഈ പരിധിക്ക് താഴെയാണ് ബാലന്‍സ് എങ്കില്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ യുപിഐ ലൈറ്റ് വാലറ്റുകള്‍ ഓട്ടോമാറ്റിക്കായി നിറയ്ക്കാനുള്ള സൗകര്യമാണ് ഏര്‍പ്പെടുത്തിയതെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. വേഗത്തിലും തടസ്സങ്ങളില്ലാതെയും ചെറിയ മൂല്യമുള്ള പേയ്‌മെന്റുകള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിന് 2022 സെപ്റ്റംബറിലാണ് യുപിഐ ലൈറ്റ് അവതരിപ്പിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*