ഏവിയോം ഇന്ത്യ ഹൗസിങ് ഫിനാൻസിൻ്റെ നിയന്ത്രണം ആർബിഐ ഏറ്റെടുത്തു; പുതിയ അഡ്മിനിസ്ട്രേറ്ററെ നിയമിച്ചു

ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏവിയോം ഇന്ത്യ ഹൗസിംഗ് ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ നിയന്ത്രണം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഏറ്റെടുത്തു. കമ്പനിയുടെ ഡയറക്ടർ ബോർഡിനെ മാറ്റിയ ആർബിഐ പഞ്ചാബ് നാഷണൽ ബാങ്കിൻ്റെ മുൻ ചീഫ് ജനറൽ മാനേജർ രാം കുമാറിനെ അഡ്മിനിസ്ട്രേറ്ററായി നിയമിച്ചു. കമ്പനിയുടെ ഭരണപരമായ പ്രശ്നങ്ങളും ബാധ്യതകൾ വീട്ടുന്നതിൽ പരാജയപ്പെട്ടതുമാണ് പ്രത്യേക അധികാരം പ്രയോഗിക്കാനുള്ള കാരണം. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ടിൻ്റെ സെക്ഷൻ 45-IE(1) പ്രകാരമുള്ള അധികാരങ്ങളും നാഷണൽ ഹൗസിംഗ് ബാങ്കിൻ്റെ (NHB) ശിപാർശ പ്രകാരവുമാണ് നടപടി.

കമ്പനിയുടെ അക്കൗണ്ട് ബുക്കുകളിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടി സ്റ്റാറ്റ്യൂട്ടറി ഓഡിറ്റർമാരിൽ നിന്ന് നോട്ടീസ് ലഭിച്ചതായി പിഐബി നേരത്തെ ആർബിഐയെ അറിയിച്ചിരുന്നു. കമ്പനിക്കുള്ളിലെ തട്ടിപ്പ് സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഏവിയോം ഇന്ത്യ ഹൗസിംഗ് ഫിനാൻസ് നേരത്തെ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന് (ഇഒഡബ്ല്യു) പരാതി നൽകിയിരുന്നു.

2019-ൽ പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം, ഒരു റെഗുലേറ്റർക്ക് മാത്രമേ ഒരു സാമ്പത്തിക സേവന ദാതാവിനെ പാപ്പരത്വ ട്രിബ്യൂണലിലേക്ക് റഫർ ചെയ്യാൻ കഴിയൂ. ഏവിയോമിനെയും ഇനി പാപ്പരത്വ നടപടികളിലേക്ക് റഫർ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2019-ൽ, മുൻ ദിവാൻ ഹൗസിംഗ് ഫിനാൻസ് കോർപ്പറേഷൻ്റെ (ഡിഎച്ച്എഫ്എൽ) ബോർഡിനെ ആർബിഐ അസാധുവാക്കുകയും എൻസിഎൽടിക്ക് റഫർ ചെയ്യുകയും ചെയ്തിരുന്നു.

2016-ൽ കാജൽ ഇൽമി സ്ഥാപിച്ച, ന്യൂഡൽഹി ആസ്ഥാനമായുള്ള ഹൗസിംഗ് ഫിനാൻസ് കമ്പനിയാണ് ഏവിയോം ഇന്ത്യ ഹൗസിങ് ഫിനാൻസ്. 2024 മാർച്ച് 31-ന് 1,752.4 കോടി രൂപയുടെ വായ്പാ ബാധ്യത കമ്പനിക്കുണ്ടായിരുന്നു. നവംബർ 28-ന്, ഏവിയോം ഇന്ത്യ ഹൗസിംഗ് ഫിനാൻസിൻ്റെ ബാങ്ക് സൗകര്യങ്ങളുടെയും നോൺ-കൺവേർട്ടിബിൾ ഡിബഞ്ചറുകളുടെയും ദീർഘകാല റേറ്റിംഗ് ക്രിസിൽ റേറ്റിംഗ്സ് ‘ക്രിസിൽ സി’യിൽ നിന്ന് ‘ക്രിസിൽ ഡി’ ലേക്ക് താഴ്ത്തിയിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*