നൂറുകോടി ക്ലബ്ബിലേക്ക് ആർഡിഎക്സ്; ചിത്രത്തിന്റെ വേൾഡ് വൈഡ് കളക്ഷൻ 80 കോടി കടന്നു

ഓണം സീസണിലെത്തി കളംപിടിച്ച മൾട്ടി സ്റ്റാർ ചിത്രം ആർഡിഎക്സ് നൂറുകോടിയിലേക്ക് അടുക്കുന്നു. ഷെയ്ൻ നിഗം, നീരജ് മാധവ്, ആന്റണി, വർഗീസ് പെപ്പെ എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തിയ ചിത്രത്തിന്റെ വേൾഡ് വൈഡ് കളക്ഷൻ 80 കോടി പിന്നിട്ടതായാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.

നഹാസ് ഹിദായത് സംവിധാനം ചെയ്ത ആർഡിഎക്‌സ് ഓഗസ്റ്റ് 25നായിരുന്നു തിയേറ്ററുകളിലെത്തിയത്. 22 ദിവസം കൊണ്ടാണ് ചിത്രം 80 കോടി നേടിയത്. ദുൽഖർ സൽമാന്റെ ‘കിങ് ഓഫ് കൊത്ത’, നിവിൻ പോളിയുടെ ‘ബോസ് ആൻഡ് കോ’ എന്നീ ചിത്രങ്ങൾക്കൊപ്പമായിരുന്നു ആർഡിഎക്സ് റിലീസ് ചെയ്തത്. എന്നാൽ ആക്ഷൻ ചിത്രമായ ആർഡിഎക്സാണ് പ്രേക്ഷക പ്രീതി പിടിച്ചുപറ്റിയത്.

സോഫിയ പോൾ പ്രൊഡകഷൻസ് പുറത്തിറക്കിയ ചിത്രത്തിൽ ബാബു ആന്റണി, ലാൽ, മഹിമ നമ്പ്യാർ, ഐമ റോസി സെബാസ്റ്റ്യൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു.

മോഹൻലാൽ ചിത്രം പുലിമുരുകനാണ് മലയാളത്തിൽ ആദ്യമായി നൂറുകോടി ക്ലബ്ബിലെത്തിയ ചിത്രം. പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ലൂസിഫർ, ദുൽഖർ സൽമാൻ ചിത്രം കുറുപ്പ് എന്നിവയും നൂറുകോടി ക്ലബ്ബിലെത്തിയിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ ജൂഡ് ആന്തണി സംവിധാനം ചെയ്ത ‘2018: എവരിവൺ ഈസ് എ ഹീറോ’ ആണ് അവസാനമായി മലയാളത്തിൽനിന്ന് 100 കോടി ക്ലബ്ബിലെത്തിയ ചിത്രം.

 

 

Be the first to comment

Leave a Reply

Your email address will not be published.


*