വണ്ടിപ്പെരിയാർ കേസിൽ പുനരന്വേഷണം; പെൺകുട്ടിയുടെ അമ്മ നൽകിയ ഹർജി ഹൈക്കോടതി സ്വീകരിച്ചു

വണ്ടിപ്പെരിയാറില്‍ ആറു വയസുകാരിയെ പീഡിപ്പിച്ചു കൊന്ന കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് അമ്മ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരും പെണ്‍കുട്ടിയുടെ പിതാവും നല്‍കിയ അപ്പീലുകള്‍ക്കൊപ്പം ഹര്‍ജി പരിഗണിക്കും. ഹര്‍ജികള്‍ ഏത് ബെഞ്ച് പരിഗണിക്കണമെന്ന കാര്യത്തില്‍ ചീഫ് ജസ്റ്റിസ് തീരുമാനിക്കും.

ഐപിഎസ് ഉദ്യോഗസ്ഥന്‍ തലവനായി പ്രത്യേക ടീം കേസ് അന്വേഷിക്കണമെന്നാണ് പെൺകുട്ടിയുടെ കുടുംബത്തിന്റെ ആവശ്യം. കേസില്‍ വെറുതെവിട്ട അര്‍ജ്ജുനെ രക്ഷിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ അന്വേഷണ സംഘത്തില്‍ നിന്നുണ്ടായെന്നും കുടുംബം ആരോപിക്കുന്നുണ്ട്.

തെളിവുകള്‍ ശേഖരിക്കുന്നതില്‍ പൊലീസ് വീഴ്ചവരുത്തി. അന്വേഷണ ഉദ്യോഗസ്ഥന്‍ യഥാസമയം സംഭവ സ്ഥലത്ത് എത്തിയില്ല. തെളിവുകള്‍ ശാസ്ത്രീയമായി ശേഖരിച്ച് കോടതിയില്‍ ഹാജരാക്കിയില്ല. ഡിഎന്‍എ തെളിവുകള്‍ ശേഖരിക്കുന്നതിലും വീഴ്ച വരുത്തി. അന്വേഷണ സംഘത്തില്‍ നിന്ന് ഗുരുതര വീഴ്ചകളുണ്ടായി. കണ്ടെടുത്ത തെളിവുകളും ശാസ്ത്രീയ പരിശോധന നടത്തിയ തെളിവുകളും തമ്മില്‍ വ്യത്യാസമുണ്ട്. ഈ സാഹചര്യത്തില്‍ കൊലപാതക കേസ് പുനരന്വേഷിക്കണം. അന്വേഷണം ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ നടത്തണം. വീഴ്ച വരുത്തിയ അന്വേഷണ ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്നുമാണ് പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ ഹര്‍ജിയിലെ ആവശ്യം.

വണ്ടിപ്പെരിയാറില്‍ ആറു വയസുകാരിയെ പീഡിപ്പിച്ച ശേഷം കൊന്നുകെട്ടിത്തൂക്കിയെന്ന കേസില്‍ പ്രതിയെ കഴിഞ്ഞ വർഷം ഡിസംബറിൽ വെറുതെ വിട്ടിരുന്നു. അന്ന് വികാരഭരിതരായാണ് കുട്ടിയുടെ ബന്ധുക്കളും അമ്മയും കോടതി മുറി വിട്ടത്. കേസില്‍ അട്ടിമറി നടന്നിട്ടുണ്ടെന്നും വിധിക്കെതിരേ അപ്പീല്‍ പോകുമെന്നും അന്ന് ബന്ധുക്കൾ അറിയിച്ചിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*