വംശീയ അധിക്ഷേപത്തില്‍ വിങ്ങിപ്പൊട്ടി വിനീഷ്യസ് ജൂനിയർ

തുടർച്ചയായുള്ള വംശീയ അധിക്ഷേപങ്ങള്‍ക്ക് പിന്നാലെ വൈകാരിക പ്രതികരണവുമായി റയല്‍ മാഡ്രിഡിന്റെ ബ്രസീലിയന്‍ താരം വിനീഷ്യസ് ജൂനിയർ. “എനിക്ക് ഫുട്ബോള്‍ കളിക്കാന്‍ മാത്രമാണ്. പക്ഷേ, മുന്നോട്ട് പോകുന്നത് കഠിനമായിരിക്കുന്നു. കളിക്കാനുള്ള താല്‍പ്പര്യം ഇടിയുകയാണ്. സ്പെയിന്‍ വിടുക എന്ന ചിന്ത ഒരിക്കലും എന്റെ മനസിലൂടെ കടന്നുപോയിട്ടില്ല. ഞാന്‍ അങ്ങനെ ചെയ്താല്‍ അവരുടെ ആഗ്രഹം നടപ്പിലാകും,” വിനീഷ്യസ് പറഞ്ഞു.

സ്പെയിനുമായുള്ള ബ്രസീലിന്റെ സൗഹൃദ മത്സരത്തിന് മുന്നോടിയായി നടന്ന വാർത്താസമ്മേളനത്തില്‍ ആവർത്തിച്ചുള്ള വംശീയ അധിക്ഷേപങ്ങളെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു വിങ്ങിപ്പൊട്ടിക്കൊണ്ടുള്ള വിനീഷ്യസിന്റെ മറുപടി. 2018 മുതല്‍ സ്പാനിഷ് വമ്പന്മാരായ റയലിന്റെ ഭാഗമാണ് വിനീഷ്യസ്. ടീമിലെത്തിയതിന് ശേഷം കുറഞ്ഞത് 10 തവണയെങ്കിലും വംശീയ അധിക്ഷേപങ്ങള്‍ക്ക് വിനീഷ്യസ് ഇരയായിട്ടുണ്ടെന്നാണ് ലാ ലിഗ അറിയിക്കുന്നത്.

“ഞാന്‍ ഇവിടെ തന്നെ തുടരും. വംശീയ വാദികള്‍ക്ക് തുടർന്നും എന്റെ മുഖം കാണാനാകുമല്ലൊ. ഞാന്‍ ബോള്‍ഡായൊരു താരമാണ്. ഞാന്‍ റയല്‍ മാഡ്രിഡിന് വേണ്ടിയാണ് കളിക്കുന്നത്. ഞങ്ങള്‍ ഒരുപാട് കിരീടങ്ങള്‍ നേടും. ഒരുപക്ഷേ, ഇത് പലർക്കും ഇഷ്ടപ്പെടുന്നുണ്ടാകില്ല,” വിനീഷ്യസ് കൂട്ടിച്ചേർത്തു. വിനീഷ്യസിന്റെ സഹതാരമായ ഡിനി കാർവാഹാള്‍ സ്പാനിഷ് ഫുട്ബോളില്‍ നിലനില്‍ക്കുന്ന വംശീയതയെക്കുറിച്ച് നേരത്തെ പ്രതികരിച്ചിരുന്നു. “സ്പെയിനൊരു വംശീയ രാജ്യമാണെന്ന് ഞാന്‍ കരുതുന്നില്ല. ഞാന്‍ ലെഗനസില്‍ നിന്നാണ് വരുന്നത്.

എല്ലാ വിഭാഗത്തില്‍പ്പെട്ടവരുമായി കളിച്ചാണ് ഞാന്‍ വളർന്നത്. പക്ഷേ, ഫുട്ബോളില്‍ തങ്ങളുടെ അമർഷവും ദേഷ്യവുമെല്ലാം തീർക്കുന്ന ഒരു വിഭാഗമുണ്ട്. ആരെയെങ്കിലും അത് വേദനിപ്പിക്കുന്നുവെന്ന് തോന്നിയാല്‍, അവരത് വീണ്ടും വീണ്ടും ചെയ്യുന്നു. ഇത് ഖേദകരമാണ്. ഇത്തരക്കാരെ സ്റ്റേഡിയത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കരുത്,” കാർവാഹള്‍ വ്യക്തമാക്കി.വിനീഷ്യസിന്റെ അവസ്ഥയെക്കുറിച്ച് ബ്രസീല്‍ ദേശീയ ടീമിന്റെ പരിശീലകനായ ഡോറിവല്‍ ജൂനിയർ പ്രതികരിച്ചിരുന്നു. “വംശീയമായി അധിക്ഷേപിക്കുന്നവരെ കണ്ടെത്താന്‍ കഴിയും. പോലീസ് മനസുവെക്കണമെന്ന് മാത്രം. ദിവസവും നിരവധി പേരാണ് കഷ്ടതകളിലൂടെ കടന്നുപോകുന്നത്. ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തക്കുറവുമൂലം അവർക്ക് നിശബ്ദരായി കഴിയേണ്ടി വരുന്നു,” ഡോറിവല്‍ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*