കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചത് കോവിഡും കടബാധ്യതയും; മകളുടെ വരുമാനം നിലച്ചത് പദ്ധതി വേഗത്തിലാക്കി

കൊല്ലം ഓയൂരില്‍ ആറുവസയുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ പ്രതികളെ പ്രേരിപ്പിച്ചത് കടബാധ്യതയെന്ന് പോലീസ്. പ്രതികളിലേക്ക് എത്തിയ വഴിയും കേസന്വേഷണത്തിന്റെ പുരോഗതിയും വ്യക്തമാക്കി എഡിജിപി എംആര്‍ അജിത്ത് കുമാര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് തട്ടിക്കൊണ്ടു പോകലിന് പ്രതികളെ പ്രേരിപ്പിച്ച കാരണങ്ങള്‍ ഉള്‍പ്പെടെ വെളിപ്പെടുത്തിയത്.

കേബിള്‍ ടിവി ബിസിനസ് നടത്തുന്ന വ്യക്തിയാണ് കേസിലെ മുഖ്യ പ്രതിയായചാത്തന്നൂരിലെ പത്മകുമാർ. ഭാര്യ അനിതാ കുമാരി, മകൾ അനുപമ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. പത്മകുമാർ കംപ്യൂട്ടർ സയൻസ് ബിരുദധാരിയാണ്. ഇയാള്‍ കടുത്ത സാമ്പത്തിക നേരിടുന്ന വ്യക്തിയായിരുന്നു. അഞ്ച് കോടിയോളം രൂപയുടെ ബാധ്യതയുണ്ടെന്നാണ് അവകാശപ്പെടുന്നത്. ഈ പ്രതിസന്ധി മറികടക്കാന്‍ പല വഴികളിലൂടെയും ശ്രമിച്ചിരുന്നു. ഒടുവിലാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയി വില പേശുക എന്ന നിലയിലേക്ക് എത്തിയതെന്നും പ്രതികള്‍ സമ്മതിച്ചതായി എഡിജിപി വിശദീകരിച്ചു.

തട്ടിക്കൊണ്ട് പോകലുമായ പദ്ധതി ഉണ്ടാക്കുന്നത് ഒരു വര്‍ഷം മുന്‍പാണ്. ഒരു വര്‍ഷം മുന്‍പാണ് ആദ്യ വ്യാജ നമ്പര്‍ പ്ലേറ്റ് ഉണ്ടാക്കിയത്. ഒരു മാസം മുന്‍പാണ് ആക്ടീവായി തട്ടിക്കൊണ്ടുപോകലിനുള്ള ആസൂത്രണം ചെയ്തു തുടങ്ങിയത്. ഒന്നര മാസം മുന്‍പ് മാത്രമാണ് പത്മകുമാര്‍ – അനിതകുമാര്‍ ദമ്പതികളുടെ മകള്‍ അനുപമ പദ്ധതിയുടെ ഭാഗമാകുന്നത്. യുട്യൂബറയിരുന്ന ഈ പെണ്‍കുട്ടിയ്ക്ക് ഇതില്‍ നിന്നുള്ള വരുമാനമായി മാത്രം ഒന്നര ലക്ഷം മുതല്‍ മൂന്ന് ലക്ഷം വരെ പ്രതിമാസ വരുമാനം ഉണ്ടായിരുന്നു. എന്നാല്‍ മോണിറ്റൈസേഷന്‍ കഴിഞ്ഞ ജൂലൈയോടെ ഇല്ലാതായതോടെ സാമ്പത്തിക പ്രതിസന്ധി രുക്ഷമായെന്നും, ഇതാണ് കുറ്റകൃത്യത്തിലേക്ക് നയിച്ചത് എന്നും എഡിജിപി ചൂണ്ടിക്കാട്ടി.

വലിയ ആസുത്രണമാണ് കുറ്റകൃത്യം വിജയകരമായി നടപ്പാക്കാന്‍ പ്രതികള്‍ നടത്തിയത്. സ്ഥിരമായി യാത്ര ചെയ്തു തട്ടിയെടുക്കാന്‍ ആവശ്യമായ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഈ കുട്ടികളെ കണ്ടെത്തിയത് രണ്ടാഴ്ച മുന്‍പാണ്. രണ്ടുകുട്ടികളും ട്യൂഷൻ കഴിഞ്ഞ് ആറരമണിയോടെ പോകുന്നതു പ്രതികളുടെ ശ്രദ്ധയിൽപ്പെട്ടതാണ് ഇവരെ തിരഞ്ഞെടുക്കാന്‍ കാരണം. ഒരു തവണ കുട്ടിയുടെ അമ്മ തന്നെ ട്യൂഷൻ സെന്ററിൽനിന്നു കുട്ടിയെ വിളിച്ചു കൊണ്ടുവന്നത് കൊണ്ടും, മറ്റൊരു തവണ കുട്ടിയുടെ അമ്മച്ചി ഉള്ളതിനാൽ നടന്നില്ല. സംഭവം ദിവസം നാലേകാലോടെ അവിടെ എത്തി കാത്തിരുന്നാണ് കൃത്യം നടപ്പാക്കിയത്. പാരിപ്പള്ളിയിലെ കടയില്‍ നിന്നാണ് കുട്ടിയുടെ വീട്ടിലേക്ക് വിളിച്ച് പണം ആവശ്യപ്പെട്ടത് എന്നും എഡിജിപി വെളിപ്പെടുത്തി.

കുട്ടികളുടെ അച്ഛനുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളും എഡിജിപി തള്ളി. കുട്ടിയുടെ അച്ഛനോ, യുണൈറ്റഡ് നഴ്സസ് അസോസിയേഷനോ പ്രതികളുമായി ബന്ധമില്ല. കേസിലെ ഇതുവരെയുള്ള അന്വേഷണത്തില്‍ പത്മകുമാറും കുടുംബവും മാത്രമാണ് പ്രതികളെന്നും എഡിജിപി വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*