വിശക്കുമ്പോൾ ഭക്ഷണം കഴിക്കുന്നത് സാധാരണയാണ്. എന്നാൽ ഭക്ഷണം കഴിച്ചതിന് ശേഷവും വിശപ്പ് അനുഭവപ്പെടുന്നുണ്ടെങ്കിൽ അതിനു പിന്നിൽ ചില കരണങ്ങളുണ്ട്. ഇത് ശരീരത്തിന് ദോഷമാണെന്ന് മാത്രമല്ല പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കും. എന്നാൽ ഇടയ്ക്കിടെ വിശപ്പ് അനുഭവപ്പെടുനുള്ള കാരണങ്ങളും അത് എങ്ങനെ നിയന്ത്രിക്കാമെന്നും അറിയാം.
ഫൈബറിന്റെ അഭാവം
വിശപ്പ് നിയന്ത്രിക്കാൻ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് നാരുകൾ. അതിനാൽ നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. പഴങ്ങൾ, ധാന്യങ്ങൾ, പയർ വർഗങ്ങൾ എന്നിവയിൽ നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ പതിവായി കഴിക്കുന്നത് ആരോഗ്യം നിലനിർത്താൻ സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും നാരുകൾ ഗുണം ചെയ്യുന്നു. നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ദീർഘനേരം വയറ് നിറഞ്ഞതായി തോന്നിപ്പിക്കും. ഇത് വിശപ്പ് കുറയ്ക്കാൻ സഹായിക്കും.
പ്രോട്ടീനിന്റെ കുറവ്
പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് വിശപ്പ് കുറയ്ക്കാൻ സഹായിക്കും. അതിനാൽ പ്രോട്ടീൻ സമ്പന്നമായ പയർ, ബീൻസ്, തൈര്, ചീസ്, മുട്ട തുടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താം.
ഉറക്കക്കുറവ്
വിശപ്പ് നിയന്ത്രിക്കുന്ന ഹോർമോണുകളാണ് ഗ്രെലിൻ, ലെപ്റ്റിൻ എന്നിവ. അതിൽ ഗ്രെലിൻ വിശപ്പ് വർധിപ്പിക്കാനും ലെപ്റ്റിൻ വിശപ്പ് കുറയ്ക്കാനും സഹായിക്കുന്നു. എന്നാൽ ഉറക്കക്കുറവ് നേരിടുന്ന ഒരാളുടെ ശരീരത്തിൽ ഗ്രെലിൻ അളവ് കൂടുകയും ലെപ്റ്റിൻ അളവ് കുറയുകയും ചെയ്യും. നന്നായി ഉറങ്ങുന്നതിലൂടെ ഈ ഹോർമോണുകളെ സന്തുലിതമാക്കാനും വിശപ്പ് നിയന്ത്രിക്കാനും സഹായിക്കും. ദിവസവും 7 മുതൽ 8 മണിക്കൂർ ഉറക്കം ഉറപ്പാക്കേണ്ടത് പ്രധാനമാണ്.
നിർജ്ജലീകരണം
ശരീരത്തിൽ നിർജ്ജലീകരണം സംഭവിക്കുമ്പോൾ ദാഹം വിശപ്പായി അനുഭവപ്പെട്ടേക്കാം. അതിനാൽ വിശപ്പ് തോന്നുമ്പോൾ ആവശ്യത്തിന് വെള്ളം കുടിക്കുക. ഇത് നിർജ്ജലീകരണം അകറ്റാനും വിശപ്പ് നിയന്ത്രിക്കാനും സഹായിക്കും.
ഹോർമോൺ അസന്തുലിതാവസ്ഥ
തൈറോയ്ഡ്, ഇൻസുലിൻ, ലെപ്റ്റിൻ എന്നീ ഹോർമോണുകളുടെ അസന്തുലിതാവസ്ഥ വിശപ്പ് വർധിപ്പിക്കാൻ കാരണമാകും. അതിനാൽ പെട്ടന്ന് അമിതമായി വിശപ്പ് അനുഭവപ്പെട്ടാൽ ഉടൻ തന്നെ ഡോക്ടറെ സമീപിക്കുക.
മരുന്നുകളുടെ ഉപയോഗം
വിശപ്പ് വർധിപ്പിക്കാൻ കാരണമാകുന്ന ഒന്നാണ് മരുന്നുകളുടെ ഉപയോഗം. ചില മരുന്നുകൾ കഴിക്കുമ്പോൾ അമിതമായ വിശപ്പ് വർധിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ആരോഗ്യ വിദഗ്ധനുമായി ബന്ധപ്പെടുക.
രക്തത്തിലെ പഞ്ചസാരയുടെ അളവ്
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുമ്പോൾ വിശപ്പ് വർധിക്കാൻ കാരണമാകും. സമതുലിതമായ ഭക്ഷണം കഴിക്കുന്നതിലൂടെ ഈ പ്രശ്നത്തെ ചെറുക്കൻ സാധിക്കും. അനാരോഗ്യകരമായ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താതിരിക്കാനും ശ്രദ്ധിക്കണം.
Be the first to comment