ഏറ്റുമാനൂർ: വർഷങ്ങളായി മുടങ്ങിക്കിടന്ന മാന്നാനം പാലത്തിന്റെ പുനർനിർമ്മാണത്തിനായി പുതുക്കി നൽകിയ പ്ലാനിനും എസ്റ്റിമേറ്റ് തുകയ്ക്കും ഭരണാനുമതി ലഭിച്ചതായി മന്ത്രി വി എൻ വാസവൻ അറിയിച്ചു. 24.83 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്.
മാന്നാനം പാലം ദേശീയ ജലപാതയുടെ ഭാഗമായതിനാൽ ആദ്യം നൽകിയ എസ്റ്റിമേറ്റ് തുകയും പ്ലാനും മാറ്റുകയായിരുന്നു. പുതിയ പാലം 228.7 മീറ്റർ നീളത്തിലും 12 മീറ്റർ വീതിയിലും വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന പ്രദേശമായതിനാൽ 6 മീറ്റർ ഉയരത്തിലുമാണ് പുനർ നിർമ്മിക്കുന്നത്.
മെയിൻ സ്പാൻ ബോസ്ട്രിംഗ് പി എസ് സി ഗ്രിഡർ രീതിയിലാണ് പാലത്തിൻ്റെ നിർമ്മാണം. നിർമ്മാണം പൂർത്തിയാകുന്നതോടെ മാന്നാനം കൈപ്പുഴ റോഡിൻ്റെ 320 മീറ്റർ റോഡ് നവീകരിച്ച് അപ്പ്രോച്ച് റോഡിൻ്റെ നിർമ്മാണം പൂർത്തിയാക്കാനും സാധിക്കും. അതിരമ്പുഴയുടെ ഭാവി ടൂറിസം പദ്ധതികൾ വികസിപ്പിക്കുന്നത് കൂടി മുന്നിൽ കണ്ടാണ് പാലത്തിൻ്റെ നിർമ്മാണം.
ദേശീയ ജല പാതയ്ക്കു മുകളിലൂടെ നിർമ്മിക്കുന്ന പാലത്തിന് കേന്ദ്രമാനദണ്ഡം അനുസരിച്ചുള്ള അളവില്ലാത്തതിനെ തുടർന്ന് പലത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ കേന്ദ്ര ഉപരിതല ജലഗതാഗത വിഭാഗത്തിന്റെ ഇടപെടൽ മൂലം മുടങ്ങിയിട്ട് വർഷങ്ങളായി.
ദേശീയ ജലപാതയായി പ്രഖ്യാപിക്കപ്പെട്ട പെണ്ണാർ തോടിന് കുറുകയാണ് പാലം. 50 വർഷത്തിലധികം പഴക്കമുള്ള പാലത്തിന്റെ ബീമുകൾ ദ്രവിച്ച് അപകടാവസ്ഥ യിലായതിനെ തുടർന്നാണ് പുനർനിർമ്മിക്കുവാൻ തീരുമാനിച്ചത്.റീഹാബിലിറ്റേഷൻ പ്രൊജക്ടിന്റെ ഭാഗമായി നിർമാണാനുമതി ലഭിച്ച ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ ഏഴ് റോഡുകളിൽ ഒന്നാണിത്. റോഡിന്റെയും പാലത്തിന്റെയും നിർമാണം പുരോഗമിക്കുമ്പോഴാണ് പാലത്തിന് കേന്ദ്ര മാനദണ്ഡം അനുസരിച്ചുള്ള അളവില്ലെന്ന് കണ്ടെത്തിയത്.
ദേശീയ ജലപാതയ്ക്കു മുകളിലൂടെ നിർമ്മിക്കുന്ന പാലത്തിനു 41 മീറ്റർ നീളവും12 മീറ്റർ വീതിയും വേണമെന്നാണു ചട്ടം.എന്നാൽ 10 മീറ്റർ നീളവും 4 മീറ്റർ വീതിയുമാണ് പുതിയ പാലത്തിന് വിഭാവനം ചെയ്തിരുന്നത്. അതനുസരിച്ച് നിർമാണം പുരോഗമിക്കുമ്പോഴാണ് കേന്ദ്ര ഉപരിതല ജലഗതാഗത വിഭാഗത്തിന്റെ ഇടപെടൽ ഉണ്ടായത്.ഇതോടെ പാലം അടയ്ക്കുകയും ഗതാഗതം പൂർണ്ണമായും നിരോധിക്കുകയും ചെയ്തു.കഷ്ടിച്ച് ഒരു വാഹനത്തിന് മാത്രം കടന്നുപോകാവുന്ന വീതിയുള്ള പാലത്തിന്റെ ബീമുകളും കൈവരികളും ദ്രവിച്ച് തകർന്ന് ഏതു നിമിഷവും നിലം പതിക്കാവുന്ന അവസ്ഥയിലാണ്. ഇതുമൂലം ദിവസേന ഇതുവഴി കടന്നുപോയിരുന്ന നുറുകണക്കിന് യാത്രക്കാർ ദുരിതത്തിലായി.
Be the first to comment