ന്യൂഡല്‍ഹി: യുപിഐ ഇടപാടുകളുടെ എണ്ണത്തിലും മൂല്യത്തിലും റെക്കോര്‍ഡ്. ഒക്ടോബറില്‍ യുപിഐ വഴി 1658 കോടി ഇടപാടുകളാണ് നടന്നത്. ഇതിന്റെ മൂല്യം 23.5 ലക്ഷം കോടി രൂപ വരുമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
യുപിഐ സംവിധാനം ആരംഭിച്ച 2016ന് ശേഷം ഒരു മാസം ഇത്രയും ഇടപാടുകള്‍ നടന്നത് ആദ്യമായാണ്. സെപ്റ്റംബറിലെ റെക്കോര്‍ഡ് ആണ് പഴങ്കഥയായത്. 1504 കോടി ഇടപാടുകളാണ് സെപ്റ്റംബറില്‍ നടന്നത്. മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ ജൂലൈയിലെ റെക്കോര്‍ഡ് ആണ് തകര്‍ത്തത്. ജൂലൈയില്‍ 20.64 ലക്ഷം കോടി രൂപ മൂല്യം വരുന്ന ഇടപാടുകളാണ് നടന്നത്.
സെപ്റ്റംബറിനെ അപേക്ഷിച്ച് ഇടപാടുകളുടെ എണ്ണത്തില്‍ 10 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ ഒക്ടോബറില്‍ 14 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായത്. ഓഗസ്റ്റില്‍ 20.61 ലക്ഷം കോടി രൂപ മൂല്യം വരുന്ന 1496 കോടി ഇടപാടുകളാണ് നടന്നതെന്നും നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതിദിന ഇടപാടുകളിലും വര്‍ധനയുണ്ട്. ഒക്ടോബറില്‍ ശരാശരി 53.5 കോടി യുപിഐ ഇടപാടുകളാണ് നടന്നത്. മൂല്യം നോക്കിയാല്‍ പ്രതിദിന ശരാശരി 75,801 കോടി രൂപയാണ്. ഇതും സെപ്റ്റംബറിലെ കണക്കിനെ അപേക്ഷിച്ച് മെച്ചപ്പെട്ടതാണ്. സെപ്റ്റംബറില്‍ 50.1 കോടി ഇടപാടുകളാണ് പ്രതിദിന ശരാശരി. 68,800 കോടി രൂപ മൂല്യം വരുന്ന ഇടപാടുകളാണ് പ്രതിദിനം നടന്നത്.
Be the first to comment