നാലാംഘട്ടത്തില്‍ റെക്കോര്‍ഡ് പോളിങ്; വോട്ടിങ്ങില്‍ മുന്നില്‍ പശ്ചിമബംഗാള്‍

 

ലോക്‌സഭ തിരഞ്ഞെടുപ്പിന്‌റെ നാലാം ഘട്ടം പുരോഗമിക്കവെ പതിനൊന്നു മണിവരെ 24.87 ശതമാനം വോട്ടിങ് രേഖപ്പെടുത്തി. ഏറ്റവും കൂടുതല്‍ പോളിങ് നടന്നത് പശ്ചിമ ബംഗാളിലാണ് 32.78 ശതമാനം. ഏറ്റവും കുറവ് ജമ്മു ആന്‍ഡ് കാശ്മീരില്‍, 14.945.07 ശതമാനം. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ തകരാറ്, ഏജന്‌റുമാരെ പോളിങ് ബൂത്തില്‍ പ്രവേശിക്കുന്നത് തടയല്‍, വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുകയോ വോട്ട് രേഖപ്പെടുത്തുന്നതില്‍നിന്ന് തടയുകയോ ചെയ്യല്‍ എന്നിങ്ങനെ പശ്ചിമ ബംഗാളിലെ വിവിധ മണ്ഡലങ്ങളില്‍ തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും പരാതികള്‍ നല്‍കിയിട്ടുണ്ട്.

ഇത്തരത്തില്‍ ഒന്‍പതു മണിവരെ തൃണമൂല്‍ കോണ്‍ഗ്രസ് 139 പരാതികളും ബിജെപി 35 പരാതികളും നല്‍കിയിട്ടുണ്ട്. 96 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. 17.7 കോടി ജനങ്ങളാണ് ഇന്ന് വിധി നിര്‍ണയിക്കാന്‍ തയ്യാറെടുക്കുന്നത്. ആന്ധ്രപ്രദേശ്, ജമ്മു ആന്‍ഡ് കശ്മീര്‍, മഹാരാഷ്ട്ര, തെലങ്കാന, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍, ബിഹാര്‍, ജാര്‍ഖണ്ഡ്, ഒഡീഷ എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പുകളിലേക്ക് മാത്രമല്ല, ആന്ധ്രപ്രദേശിലെ 175 മണ്ഡലങ്ങളിലെയും ഒഡീഷയിലെ 28 നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള തിരഞ്ഞെടുപ്പും ഇന്ന് നടക്കുന്നുണ്ട്. രാവിലെ ഏഴ് മണിക്ക് തുടങ്ങിയ വോട്ടെടുപ്പ് വൈകിട്ട് ആറിന് അവസാനിക്കും. വോട്ടര്‍മാരുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനായി തെലങ്കാനയിലെ പോളിങ്ങ് സമയം വര്‍ധിപ്പിച്ചിട്ടുണ്ട്.

ആകെ 1717 സ്ഥാനാര്‍ഥികളാണ് 96 മണ്ഡലങ്ങളില്‍ നിന്നും ജനവിധി തേടുന്നത്. 8.97 കോടി പുരുഷന്മാരും 8.73 കോടി സ്ത്രീകളും വിധി നിര്‍ണയിക്കും. 85 വയസിന് മുകളിലുള്ള 12.49 ലക്ഷം വോട്ടര്‍മാരും, ഭിന്നശേഷിക്കാരായ 19.99 ലക്ഷം പേരും വീടുകളിലിരുന്ന് വോട്ട് ചെയ്യും. 19 ലക്ഷത്തിലധികം പോളിങ് ഉദ്യോഗസ്ഥരെയാണ് വോട്ടെടുപ്പ് സുഗമമാക്കാന്‍ സജ്ജമാക്കിയത്.

Be the first to comment

Leave a Reply

Your email address will not be published.


*