ഫെഡറല്‍ ബാങ്കിന് റെക്കോര്‍ഡ് ലാഭം; ആദ്യപാദത്തില്‍ 1010 കോടി രൂപ അറ്റാദായം

കൊച്ചി: ജൂണ്‍ 30ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ 18.25 ശതമാനം വര്‍ധനയോടെ ഫെഡറല്‍ ബാങ്ക് 1009.53 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 853.74 കോടി രൂപയായിരുന്നു അറ്റാദായം. ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന പാദവാര്‍ഷിക അറ്റാദായമാണ് ഇതോടെ ബാങ്ക് രേഖപ്പെടുത്തിയിരിക്കുന്നത്.

പ്രവര്‍ത്തനലാഭത്തിലും ബാങ്കിന് മികച്ച നേട്ടം കൈവരിക്കാന്‍ സാധിച്ചു. 15.25 ശതമാനം വര്‍ധനവോടെ പ്രവര്‍ത്തനലാഭം 1500.91 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 1302.35 കോടി രൂപയായിരുന്നു പ്രവര്‍ത്തനലാഭം.

ബാങ്കിന്റെ മൊത്തം ബിസിനസ് 19.92 ശതമാനം വര്‍ധിച്ച് 486871.33 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇതേ പാദത്തില്‍ 222495.50 കോടി രൂപയായിരുന്ന നിക്ഷേപം 266064.69 കോടി രൂപയായി വര്‍ധിച്ചു.

വായ്പാ വിതരണത്തിലും ബാങ്കിന് മികച്ച വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചു. ആകെ വായ്പ മുന്‍ വര്‍ഷത്തെ 183487.41 കോടി രൂപയില്‍ നിന്ന് 220806.64 കോടി രൂപയായി വര്‍ധിച്ചു. റീട്ടെയ്ല്‍ വായ്പകള്‍ 19.75 ശതമാനം വര്‍ധിച്ച് 70020.08 കോടി രൂപയായി. കാര്‍ഷിക വായ്പകള്‍ 29.68 ശതമാനം വര്‍ധിച്ച് 30189 കോടി രൂപയിലും വാണിജ്യ ബാങ്കിങ് വായ്പകള്‍ 23.71 ശതമാനം വര്‍ധിച്ച് 22687 കോടി രൂപയിലും കോര്‍പറേറ്റ് വായ്പകള്‍ 12.20 ശതമാനം വര്‍ധിച്ച് 76588.62 കോടി രൂപയിലുമെത്തി.

അറ്റപലിശ വരുമാനം 19.46 ശതമാനം വര്‍ധനയോടെ 2291.98 കോടി രൂപയിലെത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 1918.59 കോടി രൂപയായിരുന്നു.

4738.35 കോടി രൂപയാണ് ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി. മൊത്തം വായ്പകളുടെ 2.11 ശതമാനമാണിത്. അറ്റ നിഷ്‌ക്രിയ ആസ്തി 1330.44 കോടി രൂപയാണ്. മൊത്തം വായ്പകളുടെ 0.60 ശതമാനമാണിത്. 70.79 ആണ് നീക്കിയിരുപ്പ് അനുപാതം. ഈ പാദത്തോടെ ബാങ്കിന്റെ അറ്റമൂല്യം 30300.84 കോടി രൂപയായി വര്‍ധിച്ചു. 15.57 ശതമാനമാണ് മൂലധന പര്യാപ്തതാ അനുപാതം. ബാങ്കിന് നിലവില്‍ 1518 ബാങ്കിംഗ് ഔട്ട് ലെറ്റുകളും 2041 എടിഎമ്മുകളുമുണ്ട്.

 

Be the first to comment

Leave a Reply

Your email address will not be published.


*