കൊക്കെയ്നുമായി കെനിയൻ സ്വദേശി പിടിയിൽ; കൊച്ചി വിമാനത്താവളത്തിൽ റെഡ് അലേർട്ട്

കൊച്ചി: കെനിയൻ സ്വദേശിയിൽ നിന്നും കോടികൾ മൂല്യമുള്ള കൊക്കെയ്ൻ പിടികൂടിയതിനു പിന്നാലെ കൊച്ചി വിമാത്താവളത്തിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. കൊക്കെയ്ൻ ഗുളിക രൂപത്തിൽ വിഴുങ്ങിയ നിലയിലാണ് പിടികൂടിയത്. ആഫ്രിക്കൻ സ്വദേശികൾ ഇത്തരത്തിൽ വൻതോതിൽ ഇന്ത്യയിലേക്ക്‌ മയക്കുമരുന്ന് കടത്തുന്നതായി വിവരം ലഭിച്ചതിനു പിന്നാലെയാണ് കൊച്ചിയിലും അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്.

കൊച്ചി വിമാനത്താവളത്തിൽ ആദ്യമായാണ് വിഴുങ്ങി കടത്തിക്കൊണ്ടുവന്ന കൊക്കെയിൻ പിടികൂടുന്നത്. ട്രോളി ബാ​ഗിനടിയിൽ അറയുണ്ടാക്കി മയക്കുമരുന്നു കടത്തുന്നത് കൂടുതൽ പിടിക്കപ്പെടാൻ തുടങ്ങിയതോടെയാണ് കൊക്കെയിനും മറ്റും വിഴുങ്ങി കടത്തിക്കൊണ്ടുവരാൻ തുടങ്ങിയത്. മുംബൈ, ബെംഗളൂരു, ഡൽഹി വിമാനത്താവളങ്ങളിൽ പരിശോധന കർശനമാക്കിയതോടെയാണ് കൊച്ചി ലക്ഷ്യമാക്കിയത്. കൊച്ചിയിൽ വന്നിറങ്ങുന്ന ആഫ്രിക്കൻ സ്വദേശികളെ പ്രത്യേകം നിരീക്ഷിക്കാൻ കസ്റ്റംസിന് നിർദേശം നൽകിയിട്ടുണ്ട്.

കെനിയൻ സ്വദേശിയിൽ നിന്നും 6.68 കോടി രൂപ വിലവരുന്ന 668 ഗ്രാം കൊക്കെയിനാണ് പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഇയാളെ പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല തുടർന്ന് എക്സ്‌റേ പരിശോധന നടത്തുകയായിരുന്നു. അപ്പോളോ അഡ്‌ലക്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളിൽ നിന്ന് ഒരാഴ്ച കൊണ്ടാണ്​ ​ഗുളികരൂപത്തിലാക്കിയ കൊക്കെയ്ൻ പുറത്തെടുത്തത്.

Be the first to comment

Leave a Reply

Your email address will not be published.


*