സംസ്ഥാനത്ത് ആശ്വാസം; എല്ലാ ജില്ലകളിലെയും റെഡ് അലർട്ടുകൾ പിൻവലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ തീവ്രത കുറഞ്ഞു. എല്ലാ ജില്ലകളിലെയും റെഡ് അലർട്ടുകൾ പൂർണമായി പിൻവലിച്ചു. 11 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട മുതൽ കണ്ണൂർ വരെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനനന്തപുരം, കൊല്ലം, കാസർകോട് ജില്ലകളിൽ നിലവിൽ യെല്ലോ അലർട്ടാണ്. പത്തനംതിട്ട മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

റെഡ് അലർട്ടുകൾ പിൻവലിച്ചെങ്കിലും മലയോരമേഖലകളിൽ അതീവ ജാഗ്രത തുടരണമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴ ലഭിച്ചേക്കും.  കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി മഴ ലഭിച്ച പ്രദേശങ്ങളിൽ ഉരുൾപൊട്ടലിനും മലവെള്ളപ്പാച്ചിലിനും സാധ്യത കൂടുതലാണെന്നും മുന്നറിയിപ്പുണ്ട്. വിഴിഞ്ഞം മുതൽ കാസർകോട് തീരം വരെ ഉയർന്ന തിരമാലകൾക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശമുണ്ട്. 

സംസ്ഥാനത്തെ അണക്കെട്ടുകളിൽ ജാഗ്രത തുടരുകയാണ്. വലിയ ഡാമുകളിൽ നിലവിൽ ആശങ്കയുടെ സാഹചര്യമില്ല. ആറ് ഡാമുകളിൽ റെഡ് അലർട്ട് ഉണ്ട്. പൊന്മുടി, കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ, മൂഴിയാർ, കുണ്ടള ഡാമുകളിലാണ് റെഡ് അലർട്ട് . മംഗലം, മീങ്കര ഡാമുകളിൽ ഓറഞ്ച് അലർട്ടും തുടരുകയാണ്. ഇടുക്കി, മുല്ലപ്പെരിയാൾ ഡാമുകളിലെ സ്ഥിതിഗതികൾ വിലയിരുത്താൻ ജലവിഭവ മന്ത്രി
റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു. ഗായത്രി,നെയ്യാർ, മണിമല, കരമന ആറുകളിലെ ജലനിരപ്പ് അപകടനിലയ്ക്കും മുകളിലാണ്. പമ്പ, അച്ചൻകോവിൽ, തൊടുപുഴ, മീനച്ചിൽ എന്നീ നദികളിലും ജലനിരപ്പ് അപകടനിലയിലേക്ക് ഉയരുന്നുണ്ട്. 

Be the first to comment

Leave a Reply

Your email address will not be published.


*