ചെങ്കണ്ണ് അഥവാ കണ്‍ജങ്ക്റ്റിവിറ്റിസ്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

നമ്മുടെ നാട്ടില്‍ സാധാരണമായി കണ്ടുവരുന്ന ഒരു രോഗമാണ് ചെങ്കണ്ണ് അഥവാ കണ്‍ജങ്ക്റ്റിവിറ്റിസ്. മഴക്കാലമായതോടെ രാജ്യത്ത് ചെങ്കണ്ണ് കേസുകള്‍ വര്‍ധിച്ചു വരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കണ്‍ജങ്ക്റ്റിവ അഥവാ കണ്ണിന്റെ വെളുത്ത ഭാഗത്തുണ്ടാകുന്ന വീക്കത്തെയാണ് കണ്‍ജങ്ക്റ്റിവിറ്റിസ് അഥവാ ചെങ്കണ്ണ് എന്ന് പറയുന്നത്. ഇതോടെ കണ്ണ് ചുവന്നു തടിക്കും. ചിലപ്പോള്‍  അലര്‍ജിയുടെ ഭാഗമായും ഇത്തരം വീക്കം ഉണ്ടാകാനിടയുണ്ട്.

ചെങ്കണ്ണ് പകര്‍ച്ചവ്യാധിയാകാനും സാധ്യതയുണ്ട്. രോഗബാധിതനായ ഒരാളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിലൂടെയാണ് ഇത് പകരുക. രോഗബാധിതരായ ആളുകള്‍ ആവര്‍ത്തിച്ച് കണ്ണുകളില്‍ സ്പര്‍ശിക്കുകയും കൈകള്‍ വൃത്തിയാക്കാതിരിക്കുകയും ചെയ്യുന്നതിലൂടെയാണ് രോഗവ്യാപനം ഉണ്ടാകുന്നത്. ഒരു വ്യക്തിക്ക് ചെങ്കണ്ണ് രോഗമുണ്ടെങ്കില്‍, കഴിവും അയാളുടെ കണ്ണുകളിലേക്ക് നോക്കരുത്, കൂടാതെ അയാളുടെ തൂവാല, ടവല്‍, ഡോര്‍ ഹാന്‍ഡില്‍, മൊബൈല്‍ മുതലായവയില്‍ തൊടുന്നതും ഒഴിവാക്കുക.

ലക്ഷണങ്ങള്‍:- 

കണ്ണുകളുടെ ചുവപ്പ്, ചൊറിച്ചില്‍, കണ്ണുനീര്‍ എന്നിവയാണ് ഇതിന്റെ സാധാരണ ലക്ഷണങ്ങള്‍. കണ്ണുകള്‍ക്ക് ചുറ്റും പാടപോലെയും ഉണ്ടാകാം. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറെ സമീപിക്കാവുന്നതാണ്. ആന്റിബയോട്ടിക് ഐ ഡ്രോപ്പുകള്‍ ഉപയോഗിച്ച് ഇതിനെ പ്രതിരോധിക്കാവുന്നതാണ്.

രോഗം വരാതെ നോക്കാം:-

ഇടയ്ക്കിടെ കണ്ണില്‍ തൊടുന്നത് ഒഴിവാക്കുക. പ്രത്യേകിച്ച് വൃത്തി ഹീനമായ കൈകള്‍ കൊണ്ട് കണ്ണില്‍ തൊടാതിരിക്കുക. ചെങ്കണ്ണിന്റെ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ കോണ്‍ടാക്റ്റ് ലെന്‍സുകള്‍ ധരിക്കാതിരിക്കുന്നതാണ് നല്ലത്. അണുബാധ പടരാതിരിക്കാന്‍ വീട്ടിലെ മറ്റെല്ലാ അംഗങ്ങളും പതിവായി കൈ കഴുകുകയും രോഗബാധിതനായ വ്യക്തിയില്‍ നിന്ന് അല്‍പം അകലം പാലിക്കുകയും വേണം.

കണ്ണുകള്‍ക്ക് വരള്‍ച്ച അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ലൂബ്രിക്കേറ്റിംഗ് ഐ ഡ്രോപ്പുകള്‍ ഉപയോഗിക്കാവുന്നതാണ്. സ്വിമ്മിങ് പൂളുകളിലും കുളങ്ങളിലും കുളിയ്ക്കുകയാണെങ്കില്‍ ആന്റി ബാക്ടീരിയല്‍ വൈപ്പുകള്‍ ഉപയോഗിച്ച് കണ്ണുകള്‍ വൃത്തിയാക്കേണ്ടത് പ്രധാനമാണ്. കാരണം ഇത്തരം വെള്ളക്കെട്ടുകളില്‍ ബാക്ടീരിയകളുടെ സാന്നിധ്യം ഉണ്ടാകാം. 

 

Be the first to comment

Leave a Reply

Your email address will not be published.


*