റെക്കോർഡ് വരുമാനം നേടി രജിസ്‌ട്രേഷന്‍ വകുപ്പ്

മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ബജറ്റ് ലക്ഷ്യം വച്ചതിനേക്കാള്‍ 1137.87 കോടി രൂപയുടെ അധിക വരുമാനം നേടി രജിസ്‌ട്രേഷന്‍ വകുപ്പ്. 4524.25 കോടി രൂപയായിരുന്നു രജിസ്‌ട്രേഷന്‍ വകുപ്പില്‍ നിന്നും ബജറ്റ് ലക്ഷ്യം വച്ച വരുമാനം. എന്നാല്‍ സാമ്പത്തിക വര്‍ഷം അവസാനിച്ചപ്പോള്‍ 5662.12 കോടി രൂപയുടെ വരുമാനമാണ് നേടാനായത്. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ആധാരങ്ങളുടെ എണ്ണം പത്ത് ലക്ഷം കടക്കുകയും ചെയ്തു. ഇതിനു മുമ്പ് 2014 -15ലായിരുന്നു പത്ത് ലക്ഷം കടന്നത്. ഇത്തവണ 10,36,863 ആധാരങ്ങളാണ് നടന്നത്. 2021-22 ല്‍ 9,26,487 ആധാരങ്ങളില്‍ നിന്നായി 4431.89 കോടി രൂപയായിരുന്നു വരുമാനം ലഭിച്ചത്. ഇത്തവണ ആധാരങ്ങളുടെ എണ്ണത്തില്‍ 1,10,376 ആധാരങ്ങളുടെയും വരുമാനത്തില്‍ 1230.23 കോടിയുടെയും വര്‍ദ്ധനയുണ്ടായി. ഏറ്റവും കുറഞ്ഞ വരുമാനം നേടിയ വയനാട് ജില്ല പോലും ബജറ്റ് ലക്ഷ്യം പൂര്‍ണമായും കൈവരിച്ചു.

പുതിയ സാമ്പത്തിക വര്‍ഷം ഭൂമിയുടെ ന്യായവില വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മാര്‍ച്ച് മാസത്തില്‍ പതിവില്‍ കൂടുതല്‍ രജിസ്‌ട്രേഷനുകള്‍ നടന്നു. തിരക്കുണ്ടാകാനുള്ള സാദ്ധ്യത വിലയിരുത്തി ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്താന്‍ വകുപ്പിന് കഴിഞ്ഞു. ഓണ്‍ ലൈന്‍ സംവിധാനമായ PEARL ല്‍ സാങ്കേതിക തടസമുണ്ടാകാതിരിക്കാന്‍ എന്‍ഐസിയുടെ സഹായത്തോടെ ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തിയിരുന്നു. ഇതുകൊണ്ട് എല്ലാ രജിസ്‌ട്രേഷനുകളും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*