ആസിഫ് അലി- സുരാജ് വെഞ്ഞാറമൂട് കോംബോ ഒന്നിക്കുന്ന ‘അഡിയോസ് അമിഗോ’ ചിത്രത്തിന്റെ റിലീസ് മാറ്റി

ആസിഫ് അലി- സുരാജ് വെഞ്ഞാറമൂട് കോംബോ ഒന്നിക്കുന്ന ‘അഡിയോസ് അമിഗോ’ ചിത്രത്തിന്റെ റിലീസ് മാറ്റി. വയനാട്ടിലെ ദുരന്തത്തിന്റെയും കനത്ത മഴയുടെയും പശ്ചാത്തലത്തിൽ തങ്ങളുടെ സിനിമയുടെ റിലീസ്‌ മാറ്റുകയാണെന്ന്‌ ചിത്രത്തിന്റെ നിർമ്മാതാവായ ആഷിക്‌ ഉസ്‌മാൻ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ആഗസ്റ്റ് 2ന്‌ തിയേറ്ററുകളിലെത്തേണ്ട ചിത്രമായിരുന്നു ഇത്‌.

‘വയനാട് ദുരന്തത്തില്‍ ചിന്തിക്കാനാവാത്ത നഷ്ടം സംഭവിച്ചവര്‍ക്കൊപ്പം ഹൃദയം കൊണ്ട് നില്‍ക്കുകയാണ് നമ്മള്‍. വലിയ ദു:ഖത്തിന്‍റെ ഈ സമയത്ത് ദുരന്തം ആഘാതമേല്‍പ്പിച്ചവര്‍ക്കൊപ്പമാണ് നാം. നമ്മളെയൊക്കെയും ഇത് ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ബാധിച്ചിട്ടുണ്ട്. അതിനാല്‍ സിനിമയുടെ റിലീസ് നീട്ടിവെക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്’ എന്നാണ് ആഷിക് ഉസ്മാന്‍ കുറിച്ചത്.

ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ നഹാസ് നാസറാണ്. ടൊവിനോ ചിത്രം തല്ലുമാലയുടെ അസോസിയേറ്റ് ഡയറക്ടർ ആയിരുന്നു നഹാസ് നാസർ. ആഷിക് ഉസ്മാൻ പ്രൊഡക്ഷസിന്റെ 15ാമത് ചിത്രമായ ‘അഡിയോസ് അമിഗോ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ചിത്രത്തിന്റെ മറ്റ് വിവരങ്ങളുമൊക്കെ സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.

ഫെബ്രുവരി 12ന് കൊച്ചിയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. ‘കെട്ട്യോളാണ് എന്‍റെ മാലാഖ’യ്ക്ക് ശേഷം തങ്കം തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റ ക്യാമറ ജിംഷി ഖാലിദും സംഗീതം ഗോപി സുന്ദറും നിർവഹിക്കുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*