ഇന്ത്യയിലെ ആദ്യത്തെ എ ഐ സിനിമ ‘മോണിക്ക ഒരു എ ഐ സ്റ്റോറി’യുടെ റിലീസ് നീട്ടി; ജൂൺ 21 ന് തീയേറ്ററുകളിൽ

ഇന്ത്യയിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സിനിമയായ ‘മോണിക്ക ഒരു എ ഐ സ്റ്റോറി’യുടെ റിലീസ് നീട്ടി. ചിത്രം മെയ് 31 ന് പ്രദർശനത്തിന് എത്തും എന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ റിലീസ് ജൂൺ 21 ലേക്ക് മാറ്റിയതായി അണിയറപ്രവർത്തകർ അറിയിച്ചു. ചില സാങ്കേതിക കാരണങ്ങളാൽ  പ്രദർശനം മാറ്റുകയാണെന്നാണ് വിശദീകരണം.

ഇന്ത്യയിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സിനിമയെന്ന് ഇന്ത്യ ഗവെർന്മെന്റിന്റെ എ ഐ വെബ് സൈറ്റിൽ രേഖപ്പെടുത്തിയ ചിത്രമാണ് ‘മോണിക്ക ഒരു എ ഐ സ്റ്റോറി’. ഇ എം അഷ്‌റഫ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഇൻഫ്ലുവൻസറും ബിഗ് ബോസ് താരവുമായ അപര്‍ണ മള്‍ബറി, ഗോപിനാഥ് മുതുകാട്, മാളികപ്പുറം ഫെയിം ശ്രീപത് തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സാംസ് പ്രൊഡക്ഷന്റെ ബാനറിൽ എഴുത്തുകാരൻ മൻസൂർ പള്ളൂർ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

എ ഐ സാങ്കേതികവിദ്യയും കഥാപാത്രത്തെയും സമന്വയിപ്പിക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യ ചിത്രമാണിത്. അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ ബാധിച്ച ഒരു കുട്ടിയെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ മുന്നോട്ട് പോകുന്നത്. ഹൈപ്പർ ആക്റ്റീവ് ആയ സ്വരൂപ് എന്ന കുട്ടി സ്‌കൂളിലും വീട്ടിലും അയൽവാസികൾക്കിടയിലും സൃഷ്ടിക്കുന്ന അലോസരങ്ങളും പ്രശ്‍നങ്ങളും ചിത്രത്തിന്റെ പശ്ചാത്തലമായി വരുന്നു. മോണിക്ക ഒരു എ ഐ സ്റ്റോറി  ഹൈപ്പർ ആക്റ്റീവ് ആയ കുട്ടിയുടെ മനോനിലയെക്കുറിച്ചും അവൻ ഒരു അത്ഭുത ബാലനായി മാറുന്നതിനെക്കുറിച്ചും കുട്ടികളെ പ്രചോദിപ്പിക്കുന്ന ഒരു സിനിമയാണെന്ന് അണിയറ പ്രവർത്തകർ പറയുന്നു.

ശ്രീപത് ആണ് സ്വരൂപ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മാന്ത്രികനായ മോട്ടിവേറ്ററായി ഗോപിനാഥ് മുതുകാടും എ ഐ കഥാപാത്രമായി അപർണ മൾബറിയും  അഭിനയിക്കുന്നു. സിനി എബ്രഹാം, മണികണ്ഠന്‍, കണ്ണൂര്‍ ശ്രീലത, മന്‍സൂര്‍ പള്ളൂര്‍, ആല്‍ബര്‍ട്ട് അലക്‌സ്, അനില്‍ ബേബി, അജയന്‍ കല്ലായ്, ശുഭ കാഞ്ഞങ്ങാട്, ആന്മിര ദേവ്, ഹാതിം, ആനന്ദ ജ്യോതി, പ്രസന്നന്‍ പിള്ള, പ്രീതി കീക്കന്‍, ഷിജിത്ത് മണവാളന്‍, പി കെ അബ്ദുള്ള, ഹരി കാഞ്ഞങ്ങാട്, വിഞ്ചു വിശ്വനാഥ് എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. യുനുസിയോ സംഗീതവും റോണി റാഫേല്‍ പശ്ചാത്തല സംഗീതവും നിര്‍വ്വഹിച്ച സിനിമയുടെ ഗാന രചന പ്രഭാ വര്‍മ്മയാണ്.

Be the first to comment

Leave a Reply

Your email address will not be published.


*