ന്യൂഡല്‍ഹി: വയാകോം18 ഉം വാൾട്ട് ഡിസ്‌നിയുടെ ഇന്ത്യയിലെ മീഡിയ വിഭാഗവും തമ്മിലുള്ള ലയനം പൂർത്തിയായി. റിലയൻസ് ഇൻഡസ്ട്രീസിന്‍റെ മീഡിയ ബിസിനസ് വിഭാഗമാണ് വയാകോം18. വിനോദ വ്യവസായ രംഗത്തെ ഏറ്റവും വലിയ ലയനമാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്. 120 ടിവി ചാനലുകളും ഹോട്‌സ്‌റ്റാർ, ജിയോ സിനിമ എന്നീ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളും ഒന്നിക്കുന്ന വമ്പൻ മീഡിയ സ്ഥാപനമാണ് ലയനത്തോടെ യാഥാർഥ്യമാകുന്നത്. ഇതോടെ വിനോദ വ്യവസായ രംഗത്തെ കീരീടം വയ്ക്കാത്ത രാജാവായി റിലയൻസ് മാറും.
കമ്പനിയുടെ ആകെ മൂല്യം 70,352 കോടി രൂപയാണ്. റിലയൻസ്, വയാകോം 18, ഡിസ്നി എന്നിവർക്ക് യഥാക്രമം 16.34%, 46.82%, 36.84% ഓഹരിയുണ്ടാകും. റിലയൻസ് ആയിരിക്കും കമ്പനിയെ നിയന്ത്രിക്കുക. നിത അംബാനി ചെയർപെഴ്‌സനാകും. വളർച്ചാ മൂലധനമായി റിലയൻസ് 11,500 കോടി രൂപയാണ് ജോയന്‍റ് വെഞ്ച്വർ കമ്പനിയിൽ നിക്ഷേപിച്ചിരിക്കുന്നത്. ജിയോയ്ക്കും ഹോട്‌സ്‌റ്റാറിനും കൂടി നിലവിൽ 5 കോടിയിലേറെ വരിക്കാരുണ്ട്.
ഇപ്പോൾ ലയനം പൂർത്തിയായതോടെ, പുതുതായി ആരംഭിക്കുന്ന വെബ്‌സൈറ്റ് വഴിയും ‘ജിയോസ്‌റ്റാർ’ എന്ന ഒടിടി പ്ലാറ്റ്‌ഫോം വഴിയുമാകും, ഇന്ത്യൻ പ്രീമിയർ ലീഗ് അടക്കമുള്ള എല്ലാ ക്രിക്കറ്റുകളും സംപ്രേഷണം ചെയ്യുക.
Be the first to comment