രാഹുൽ ഗാന്ധിക്ക് ആശ്വാസം: അപകീർത്തി കേസിൽ ശിക്ഷാ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു

ദില്ലി: അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്ക് അനുകൂലമായി സുപ്രീം കോടതി ഉത്തരവ്. രണ്ട് വർഷത്തെ തടവ് ശിക്ഷാ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. ഇന്ന് സുപ്രീം കോടതിയിൽ നടന്ന രൂക്ഷമായ വാദപ്രതിവാദങ്ങൾക്ക് ശേഷമാണ് രാഹുൽ ഗാന്ധിക്കെതിരായ ശിക്ഷാ വിധി സ്റ്റേ ചെയ്തത്. വിധി സ്റ്റേ ചെയ്തതോടെ രാഹുൽ ഗാന്ധിക്ക് എംപിയായി തുടരാനും വഴിയൊരുങ്ങി. വയനാട് എംപിയായിരുന്ന രാഹുൽ ഗാന്ധിയെ കേസിലെ വിധിക്ക് പിന്നാലെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയിരുന്നു.

പരാമവധി ശിക്ഷ നൽകുന്നതിനു വലിയ പ്രത്യാഘാതങ്ങളുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. രാഹുലിന്റെ പൊതുജീവിതത്തെയും അദ്ദേഹം ലോക്സഭാംഗമായ വയനാട് മണ്ഡലത്തെയും ഇതു ബാധിക്കുമെന്നും കോടതി പറഞ്ഞു. 1 വർഷവും 11 മാസവുമായിരുന്നു തടവുശിക്ഷ വിധിച്ചിരുന്നതെങ്കിൽ ലോക്സഭാംഗത്വത്തെ ബാധിക്കില്ലായിരുന്നുവെന്നു വാദത്തിനിടെ തന്നെ ജസ്റ്റിസ് ഗവായ് നിരീക്ഷിച്ചിരുന്നു. സ്റ്റേ അനുവദിക്കണമെങ്കിൽ അതിശക്തമായ കാരണം ഉണ്ടാകണമെന്ന് അപകീർത്തിക്കേസിൽ പരാതി നൽകിയ പൂർണേഷ് മോദിക്കു വേണ്ടി മഹേഷ് ജഠ്മലാനി ചൂണ്ടിക്കാട്ടിയപ്പോൾ വയനാട് മണ്ഡലം ഒഴിഞ്ഞുകിടക്കുന്നതിനെക്കുറിച്ചായിരുന്നു ജസ്റ്റിസ് ഗവായി പറഞ്ഞത്.

രാഹുലിനായി മനു അഭിഷേക് സിംഗ്‌വിയാണ് കോടതിയിൽ വാദിച്ചത്. ഇരു വിഭാഗങ്ങൾക്കും വാദിക്കാൻ പതിനഞ്ച് മിനിറ്റ് സമയമായിരുന്നു സുപ്രീം കോടതി അനുവദിച്ചത്. മോദി സമുദായത്തിൻ്റെ മതിപ്പിന് കോട്ടം വരുത്തുന്ന പ്രസ്താവനയെന്ന വാദം നില നിൽക്കില്ലെന്ന് രാഹുൽ ഗാന്ധി വാദിച്ചു. കേസിലെ സാക്ഷി പോലും അപകീർത്തി പെടുത്താനാണ് പരാമർശം എന്ന് പറഞ്ഞിട്ടില്ലെന്നും വാദിച്ചു.

സമൂഹത്തിന് എതിരായ കുറ്റമല്ല ചെയ്തത്. 2 വർഷം തടവ് എന്ന പരമാവധി ശിക്ഷ നൽകാൻ മാത്രമുള്ള ഗുരുതരമായ കുറ്റമല്ല ചെയ്തത്. ധാർമിക തലമുണ്ടെന്ന് വിചാരണ കോടതി പറയുന്നു. താൻ ഒരു കുറ്റവാളി അല്ല. ജനാധിപത്യത്തിലെ വിയോജിപ്പാണ് പ്രകടിപ്പിച്ചത്. 140 കോടി ജനങ്ങളുള്ള രാജ്യത്ത് ബി ജെ പിക്കാർ മാത്രമാണ് പരാതിക്കാരാകുന്നത്. ഇത് എന്തുകൊണ്ടാണ്?

ഹൈക്കോടതി ജഡ്ജി 66 ദിവസം വിധി പറയാൻ മാറ്റി. വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങാത്തത് അവർക്ക് വിജയ സാധ്യതയില്ലാത്ത് കൊണ്ടാണെന്ന് രാഹുൽ വാദിച്ചയുടൻ രാഷ്ട്രീയ വാദങ്ങൾ വേണ്ടെന്നും നിയമവശം മാത്രം പറഞ്ഞാൽ മതിയെന്നും സുപ്രീം കോടതി നിലപാടെടുത്തു. അപകീർത്തി കേസിലെ വിധിയിലൂടെ രണ്ട് ലോക്സഭാ സെഷനുകൾ നഷ്ടമായെന്ന് രാഹുൽ തുടർന്ന് വാദിച്ചു.

പരാതിക്കാരന് വേണ്ടി അഭിഭാഷകൻ മഹേഷ് ജത് മലാനിയാണ് ഹാജരായത്. യഥാർത്ഥ വിഷയങ്ങൾ പറയുന്നില്ലെന്നും രാഹുൽ നടത്തിയ 50 മിനിറ്റ് പ്രസംഗത്തിന്റെ പൂർണരൂപമുണ്ടെന്നും അദ്ദേഹം വാദിച്ചു. മനപൂർവ്വമാണ് രാഹുൽ പ്രസ്താവന നടത്തിയത്. പ്രധാനമന്ത്രിയോടുള്ള വിരോധത്തെ ഒരു സമുദായത്തെ മുഴുവനായി അധിക്ഷേപിക്കാൻ ഉപയോഗിച്ചു. വാക്കുകളിൽ ഇത് ഒളിച്ചു കടത്തി. പ്രസംഗം ഓർമ്മയില്ലെന്ന് രാഹുൽ പറഞ്ഞത് നുണയാണെന്നും അവർ വാദിച്ചു. ഈ ഘട്ടത്തിൽ ഒരു ദിവസം അമ്പത് പ്രസംഗം നടത്തുന്നവർ എല്ലാം എങ്ങനെ ഓർത്തിരിക്കുമെന്ന് കോടതി ചോദിച്ചു

Be the first to comment

Leave a Reply

Your email address will not be published.


*