മുസ്‌ലിം അഭിഭാഷകരോട് മതപരമായ വിവേചനം; വിചാരണ കോടതി ജഡ്ജിനെ വിളിച്ചുവരുത്തി അലഹബാദ് ഹൈക്കോടതി

മുസ്‌ലിം വിഭാഗത്തില്‍പ്പെട്ട അഭിഭാഷകരോട് മതപരമായ വിവേചനം കാണിക്കുന്നുവെന്ന ആരോപണത്തെ തുടർന്ന് മുതിർന്ന ജഡ്ജ് വിവേകാനന്ദ് ശരണ്‍ ത്രിപാഠിയെ വിളിച്ചുവരുത്തി അലഹബാദ് ഹൈക്കോടതി. “ഒരു പ്രത്യേക സമൂഹത്തെക്കുറിച്ചുള്ള ജഡ്ജിന്റെ വീക്ഷണം” അപമര്യാദയോടുകൂടിയുള്ളതാണെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി നടപടി.

നിർബന്ധിത മതപരിവർത്തനം ആരോപിച്ചുകൊണ്ട് മുസ്‌ലിം പുരോഹിതന്മാരായ മുഹമ്മദ് ഉമർ ഗൗതം, മുഫ്തി ഖാസി ജഹാംഗീർ എന്നിവർക്കെതിരെ ഉത്തർ പ്രദേശ് ആന്റി ടെററിസ്റ്റ് സ്ക്വാഡ് എടുത്ത കേസിലെ വിചരണയ്ക്കിടെയാണ് സംഭവം.

അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജായ (എന്‍ഐഎ/എടിഎസ് പ്രത്യേക ജഡ്ജ്) വിവേകാനന്ദ് ശരണ്‍ ത്രിപാഠി കഴിഞ്ഞ ജനുവരിയില്‍ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കായി കോടതി ചെറിയ ഇടവേള അനുവദിക്കണമെന്ന മുസ്‌ലിം അഭിഭാഷകരുടെ അപേക്ഷ നിരസിച്ചിരുന്നു. പ്രാർത്ഥനയ്ക്ക് പോകുന്ന മുസ്‌ലിം അഭിഭാഷകർക്ക് പകരം അമിക്കസ് ക്യൂരിയെ നിയമിക്കുകയും ചെയ്തു. അഭിഭാഷകർ പ്രാർത്ഥനയ്ക്ക് പോകുമ്പോള്‍ കുറ്റാരോപിതരായ വ്യക്തികള്‍ക്ക് വേണ്ടി അമിക്കസ് ക്യൂരി ഹാജരാകണമെന്നും ഉത്തരവിട്ടിരുന്നു.

ഇതിന് പിന്നാലെ പ്രതികളിലൊരാള്‍ ഹൈക്കോടതിയെ സമീപിക്കുകയും ജസ്റ്റിസ് ഷമീം അഹമ്മദ് വിചാരണ കോടതിയുടെ ഉത്തരവുകള്‍ സ്റ്റേ ചെയ്യുകയുമായിരുന്നു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കായി ഹാജരാകാന്‍ മുസ്‌ലിം അഭിഭാഷകർക്ക് വിചാരണ കോടതി അനുമതി നല്‍കി. എന്നാല്‍ ഇലക്ട്രോണിക്ക് തെളിവുകള്‍ക്കായുള്ള അപേക്ഷയില്‍ തീരുമാനമെടുത്തില്ല.

വിചരണ കോടതിയുടെ നടപടിയെ ഹൈക്കോടതി രൂക്ഷമായാണ് വിമർശിച്ചത്. സ്റ്റേയുടെ ഗൗരവം മനസിലാക്കുന്നതില്‍ ജഡ്ജ് പരാജയപ്പെട്ടെന്നും ഏകപക്ഷീയമായ രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും കോടതി ചൂണ്ടിക്കാണിച്ചു. “തെളിവുകളുടെ പകർപ്പ് നല്‍കാന്‍ സാധിക്കില്ലെങ്കില്‍ വിചാരണയുമായി മുന്നോട്ട് പോകേണ്ട കാര്യമില്ല, അല്ലെങ്കില്‍ എന്തെങ്കിലും നിരീക്ഷണം നടത്തണമായിരുന്നു. ഇവിടെ വിചാരണ കോടതി നിശബ്ദമാണ്,” ജസ്റ്റിസ് അഹമ്മദ് വ്യക്തമാക്കി.

“ഒരു പ്രത്യേക മതത്തില്‍പ്പെട്ടവരയാതിനാല്‍ അപേക്ഷകന്റെ അഭിഭാഷകന്‍ വിചാരണ വേളയില്‍ ഹാജരായില്ലെന്ന” വിചാരണ കോടതി ജഡ്ജിന്റെ ബാലിശമായ നിരീക്ഷണത്തേയും കോടതി വിമർശിച്ചു. വിചാരണ കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായത് മതപരമായ വിവേചനമാണെന്നും ഭരണഘടനയുടെ 15-ാം അനുച്ഛേദത്തില്‍ അനുശാസിക്കുന്ന മൗലികാവകാശത്തിന്റെ കൃത്യമായ ലംഘനമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. വിചാരണ കോടതിയെ വിചാരണ തുടരുന്നതില്‍ നിന്ന് ഹൈക്കോടതി വിലക്കുകയും ചെയ്തു. ഇതിന് ശേഷമാണ് വിശദീകരണം നല്‍കുന്നതിനായി ജഡ്ജിയോട് ഹാജരാകാന്‍ കോടതി ഉത്തരവിട്ടത്.

തിങ്കളാഴ്ച ജഡ്ജ് ത്രിപാഠി സിംഗിള്‍ ബെഞ്ചിന് മുന്നില്‍ ഹാജരാവുകയും ക്ഷമാപണം നടത്തുകയും ചെയ്തു. ഭാവിയില്‍ താന്‍ ജാഗ്രത പുലർത്തുമെന്നും കോടതിക്ക് ത്രിപാഠി ഉറപ്പു നല്‍കി. സത്യവാങ്മൂലം സമർപ്പിക്കാന്‍ രണ്ട് ദിവസത്തെ സാവകാശം ത്രിപാഠിയുടെ അഭിഷകന്‍ തേടിയതോടെ കേസ് പതിനെട്ടിലേക്ക് മാറ്റി.

Be the first to comment

Leave a Reply

Your email address will not be published.


*