വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരുടെ സ്ഥലംമാറ്റം അനിശ്ചിതത്വത്തിൽ

ജൂൺ 27 ന് ഓൺലൈനായി പ്രസിദ്ധീകരിക്കേണ്ട വിദ്യാഭ്യാസ വകുപ്പിലെ മിനിസ്റ്റീരിയൽ ജീവനക്കാരുടെ അന്തിമ സ്ഥലമാറ്റ ഉത്തരവ് പാതിവഴിയിൽ മുടന്തി നിൽക്കുന്നു. എല്ലാ വർഷവും ഏപ്രിൽ 30 നു മുമ്പായി പൊതു സ്ഥലം മാറ്റം നടത്തണമെന്ന സർക്കാർ ചട്ടം നിലവിലുണ്ടെങ്കിലും വിദ്യാഭ്യാസ വകുപ്പിലെ മിനിസ്റ്റീരിയൽ ജീവനക്കാരുടെ കാര്യത്തിൽ കഴിഞ്ഞ മൂന്നു വർഷമായി ഇത് കൃത്യമായി നടക്കുന്നില്ല. വൈകിയാണെങ്കിലും ജൂൺ 6 ന് ട്രാൻസ്ഫർ അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള സർക്കുലർ പുറത്തിറങ്ങിയപ്പോൾ അന്യ ജില്ലയിലും ദൂര ദേശങ്ങളിലും ജോലി ചെയ്യുന്ന ജീവനക്കാരെല്ലാം വലിയ പ്രതീക്ഷയിലായിരുന്നു. ജൂൺ 20, 21 തിയ്യതികളിൽ കരട് ഉത്തരവും 25, 27 തിയ്യതികളിൽ അന്തിമ ഉത്തരവും ഇറക്കുമെന്നായിരുന്നു സർക്കുലറിൽ വിശദമാക്കിയിരുന്നത്. എന്നാൽ നാളിതു വരെയായിട്ടും കരട് പോലും പുറത്തിറങ്ങിയിട്ടില്ല. അന്വേഷിക്കുമ്പോൾ വ്യക്തമായൊരു മറുപടിയോ ട്രാൻസ്ഫർ മാറ്റി വച്ചതായുള്ള അറിയിപ്പോ ഡയറക്ടറേറ്റിൽ നിന്നും ജീവനക്കാർക്ക് ലഭിക്കുന്നില്ല. സ്ഥലംമാറ്റം നടക്കാത്തതിനാൽ മെയ് 31 ന് കൂട്ട വിരമിക്കൽ മൂലമുണ്ടായ ഒഴിവുകളിൽ പ്രൊമോഷൻ വഴി നിയമനം നടന്നിട്ടില്ല. വകുപ്പിൽ നടക്കുന്ന ഫയൽ അദാലത്തിനെയും ഉയർന്ന തസ്തികകളിലേക്ക് സ്ഥാനക്കയറ്റം നടത്താതിരിക്കുന്നത് കാര്യമായി ബാധിക്കുന്നുണ്ട്. അടിയന്തിരമായി ഇക്കാര്യത്തിൽ ഇടപെട്ട് ജീവനക്കാരുടെ ആശങ്ക പരിഹരിക്കണമെന്ന് കേരള വിദ്യാഭ്യാസ വകുപ്പ് മിനിസ്റ്റീരിയൽ സ്റ്റാഫ് യൂണിയൻ സംസ്ഥാന സമിതി (കെ.ഇ.ഡി.എം.എസ്.യു) പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രിയോട് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. ഓൺലൈനിൽ ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ പ്രസിഡന്റ് ജി. ജയകുമാർ, ജനറൽ സെക്രട്ടറി കെ.എസ്. മഹേഷ് കുമാർ, ട്രഷറർ എസ്. ബിനുരാജ് വൈസ് പ്രെസിഡന്റുമാരായ ജി.സൈജു, എം.ഖലീൽ റഹ്മാൻ സെക്രട്ടറിമാരായ ടി.വി.രാഘുനാഥൻ, എ.ജി ഷാജു, പി. ജെ. വിൻസെന്റ്, ഹരിസുതൻ പിള്ള, ജി. കണ്ണൻ വനിതാ ഫോറം കൺവീനർ ബിനിത സത്യൻ, ജോ.കൺവീനർ പി.ആർ. തുളസി എന്നിവർ പങ്കെടുത്ത് സംസാരിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*