അമിത വർക്ക്ഔട്ട് ചെയ്യുന്നത് അപകടം, ഹൃദയാഘാതത്തിലേക്ക് നയിച്ചേക്കാം

ഫിറ്റ്നസ് ഫ്രീക്കന്മാരുടെ കാലമാണ് ഇത്. മസിലു പെരുപ്പിക്കാനും ശരീരഭാരം കുറയ്ക്കാനുമൊക്കെയായി ജിമ്മിൽ മണിക്കൂറുകളാണ് വർക്ക്ഔട്ട് ചെയ്യുന്നത്. കൂടുതൽ വർക്ക്ഔട്ട് കൂടുതൽ ഫലം ചെയ്യുമെന്നാണ് പലരുടെയും ധാരണ. എന്നാല്‍ വ്യായാമം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം ബാലൻസ് നിലനിർത്തുകയെന്നതാണ്.

ഒരു ആവേശത്തിന് കയറി ജിമ്മിൽ ചേരുകയും ശരീരത്തിന് താങ്ങാൻ കഴിയുന്നതിനും അപ്പുറം വർക്ക്ഔട്ട് ചെയ്യുകയും ചെയ്യുന്നത് പരിക്കുകൾക്കും പേശികളുടെ ബലം ക്ഷയിക്കാനും കാരണമാകും. സ്‌ട്രെങ്ത്ത് ട്രെയിനിങ് ചെയ്യുമ്പോള്‍ വണ്‍-റിപ്പീറ്റേഷന്‍ മാക്‌സിമം നിയമം പാലിക്കുന്നത് വളരെ പ്രധാനമാണ്. ഒരു വ്യായാമത്തിന്റെ ഒരു ആവര്‍ത്തനത്തിനായി ഒരാള്‍ക്ക് ഉയര്‍ത്താന്‍ കഴിയുന്ന പരമാവധി ഭാരമാണ് വണ്‍-റിപ്പീറ്റേഷന്‍ മാക്‌സിമം (1ആര്‍എം). ഒരു വ്യായാമത്തില്‍ ഒരു വ്യക്തിയുടെ മൊത്തത്തിലുള്ള ശക്തിയും ബലവും അളക്കാന്‍ ഇത് ഉപയോഗിക്കുന്നു.

ശരീരഭാരത്തിന്റെ ഒരു കിലോഗ്രാമിന് ഒരു മിനിറ്റില്‍ ഉപയോഗിക്കാന്‍ കഴിയുന്ന പരമാവധി ഓക്‌സിജന്റെ അളവാണ് വിഒ2 മാക്‌സ്. ഇതിലൂടെ ഹൃദയ സംബന്ധമായ ശേഷി നിരന്തരം നിരീക്ഷിക്കുന്നത് വർക്ക്ഔട്ട് ഫലപ്രദമായി ചെയ്യാൻ സഹായിക്കും. ഈ പരിധിക്കപ്പുറം വ്യായാമം ചെയ്യുന്നത് ആരോഗ്യത്തിന് വിപരീതഫലം ഉണ്ടാക്കും.

വിശ്രമം പ്രധാനമാണ്

തീവ്രമായ ട്രെയിനിങ് സെഷന് ശേഷം 24 മുതല്‍ 48 മണിക്കൂര്‍ വരെ വിശ്രമിക്കണം. പ്രായം, പരിശീലനത്തിന്റെ തീവ്രതയും സമയക്രമവും അപേക്ഷിച്ച് വിശ്രമത്തിന്റെ സമയപരിധിയില്‍ മാറ്റം വരുത്താം. വിശ്രമ വേളയിലാണ് നിങ്ങളുടെ ശരീരം പേശികളുടെ കേടുപാടുകള്‍ പരിഹരിക്കുകയും ശക്തി വര്‍ധിപ്പിക്കുകയും ചെയ്യും. എന്നാല്‍ വിശ്രമമില്ലാത്ത വ്യായാമം പരിക്കുകള്‍ വഷളാക്കാം. കൂടാതെ വർക്ക്ഔട്ട് മടുപ്പ് ഒഴിവാക്കാനും വിശ്രമം ആവശ്യമാണ്.

പ്രായം

സുരക്ഷിതമായി വര്‍ക്ക്ഔട്ട് ചെയ്യുന്നതിന് പ്രായം ഒരു പ്രധാന ഘടകമാണ്. പ്രായം വീണ്ടെടുക്കല്‍ കഴിവിനെ ബാധിക്കും. അതിനാല്‍ പ്രായമാകുമ്പോള്‍ വ്യായാമത്തിന്റെ തീവ്രത ക്രമീകരിക്കേണ്ടത് നിര്‍ണായകമാണ്.

ഹൃദയാഘാതത്തിനുള്ള അപകടസാധ്യത

ശരീരത്തിന്റെ കഴിവിനപ്പുറമുള്ള അമിത വ്യായാമം ഹൃദയത്തെ ആയാസപ്പെടുത്തും. ഇത് ഹൃദയാഘാതം അല്ലെങ്കില്‍ ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ കാരണമാവുകയും ചെയ്യും.

Be the first to comment

Leave a Reply

Your email address will not be published.


*