കോട്ടയം: തീപിടിത്തത്തിൽ നശിച്ച വെള്ളൂർ കെപിപിഎല്ലിലെ (കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡ്) പേപ്പർ മെഷീനിന്റെ അറ്റകുറ്റപ്പണി പൂർത്തിയായി. യന്ത്രത്തിന്റെ ട്രയൽ റൺ ആരംഭിച്ചു. ബോയ്ലറിന്റെ ട്യൂബിന് ചെറിയ ചോർച്ച കണ്ടെത്തി. ഇത് പരിഹരിച്ച് വൈകാതെ കടലാസിന്റെ ഉൽപാദനവും ആരംഭിക്കും.
സ്ഥാപനത്തിന് കോടികളുടെ നഷ്ടമുണ്ടാക്കിയ തീപിടിത്തമുണ്ടായത് ഒക്ടോബർ അഞ്ചിനായിരുന്നു. കാലതാമസമില്ലാതെ തന്നെ യന്ത്രത്തിന്റെ അറ്റകുറ്റപ്പണി തുടങ്ങി. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രമെന്റൽ, പ്രൊഡക്ഷൻ എന്നീ വിഭാഗങ്ങളിൽ വിദഗ്ധരടക്കം വന്ന് അറ്റകുറ്റപ്പണിക്ക് നേതൃത്വം നൽകി. അർധരാത്രിവരെ പ്രവർത്തിച്ചാണ് ഏകദേശം ഒന്നരമാസംകൊണ്ട് പണികൾ പൂർത്തിയാക്കിയത്. ഡൽഹി, ജയ്പൂർ, മുംബൈ, കോയമ്പത്തൂർ, ചെന്നൈ എന്നിവിടങ്ങളിൽനിന്ന് സ്പെയർ പാർട്സ് എത്തിക്കേണ്ടിയിരുന്നു.
മലയാള പത്രങ്ങളടക്കം മുപ്പതോളം ദിനപത്രങ്ങൾ കെപിപിഎല്ലിന്റെ ന്യൂസ്പ്രിന്റാണ് ഉപയോഗിക്കുന്നത്. ദിവസം 200 ടൺ ന്യൂസ്പ്രിന്റ് ഉൽപ്പാദിപ്പിച്ചിരുന്ന യന്ത്രമാണ് കത്തിയത്.
Be the first to comment