റിപ്പോ റേറ്റ് വർധിപ്പിക്കാൻ തീരുമാനിച്ചു;ഭവന, വാഹന വായ്പകൾക്ക് ഇനി പലിശ കൂടും

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ  വായ്പാനയ കമ്മിറ്റി  ഇന്ന് ചേർന്ന യോഗത്തിൽ റിപ്പോ റേറ്റ് (Repo Rate) വർധിപ്പിക്കാൻ തീരുമാനിച്ചു. 50 ബേസിസ് പോയന്റ് വർധനവാണ് റിപ്പോ റേറ്റിൽ ഉണ്ടാകുക. മറ്റ് ബാങ്കുകൾക്ക് ആർബിഐ പണം കടമായി നൽകുന്നതിനുള്ള നിരക്കാണ് റിപ്പോ റേറ്റ്. റിപ്പോ റേറ്റിലുള്ള വർധനവ് വളരെ അപ്രതീക്ഷിതമായ നീക്കമായാണ് വിദഗ്ധർ വിലയിരുത്തുന്നത്. മെയ് 4ന് 40 ബേസിസ് പോയന്റ് വർധനവ് പ്രാബല്യത്തിൽ വന്നിരുന്നു. ആഗോളതലത്തിൽ തന്നെ സെൻട്രൽ ബാങ്കുകൾ സാമ്പത്തിക പുരോഗതിയെ ബാധിക്കാത്ത തരത്തിൽ പണപ്പെരുപ്പം പിടിച്ച് നിർത്താനുള്ള ശ്രമത്തിലാണ്.റിപ്പോ റേറ്റിലെ വർധനവ് ഉപഭോക്താക്കൾക്ക് വലിയ തിരിച്ചടിയുണ്ടാക്കും. ഹോം ലോണുകൾക്ക് പലിശ കൂടുകയും ഫിക്സഡ് ഡിപ്പോസിറ്റിന് പലിശ കുറയുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ. റെസിഡൻഷ്യൽ പദ്ധതികൾക്കായി കൂടുതൽ ലോണുകൾ അനുവദിക്കാൻ ആർബിഐ കോ-ഓപ്പറേറ്റീവ് ബാങ്കുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. നിർമ്മാണ മേഖലയിൽ നിക്ഷേപം നടത്തുന്നവരുടെ സമ്മർദ്ദം കുറയ്ക്കാൻ വേണ്ടിയാണ് ഈ തീരുമാനം.കൊമേഴ്സ്യൽ ബാങ്കുകളിൽ നിന്ന് ലോണെടുക്കന്നവരുടെയും പണം നിക്ഷേപിക്കുന്നവരുടെയും പലിശനിരക്ക് നിർണയിക്കുന്നതിൽ റിപ്പോ നിരക്കിന് സുപ്രധാന പങ്കാണുള്ളത്. റിപ്പോ നിരക്ക് കൂടിയാൽ സ്വാഭാവികമായും ലോണുകളുടെ പലിശ നിരക്ക് കൂട്ടാൻ ബാങ്കുകൾ നിർബന്ധിതരാകും. തിരിച്ച് റിപ്പോ നിരക്ക് കുറഞ്ഞാൽ പലിശനിരക്ക് കുറയുകയും ചെയ്യും.

Be the first to comment

Leave a Reply

Your email address will not be published.


*