‘എഡിജിപി ആര്‍എസ്എസ് നേതാക്കളെ കണ്ടതിന്റെ കാരണം അവ്യക്തം, അന്‍വറിന്റെ ആരോപണങ്ങളില്‍ കഴമ്പില്ല’: റിപ്പോര്‍ട്ട് പുറത്ത് വിട്ട് സര്‍ക്കാര്‍

എഡിജിപി എം.ആര്‍. അജിത്കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടതിന്റെ കാരണം വ്യക്തമായിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. എഡിജിപിക്കെതിരെ നടന്ന രണ്ട് അന്വേഷണങ്ങളുടെ റിപ്പോര്‍ട്ടുകള്‍ മുഖ്യമന്ത്രി നിയമസഭയുടെ മേശപ്പുറത്ത് വച്ചു. എം ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടതിലും പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളിലുമുള്ള അന്വേഷണ റിപ്പോര്‍ട്ടുകളാണ് സര്‍ക്കാര്‍ പുറത്തുവിട്ടത്. സര്‍ക്കാരിന് ഒന്നും ഒളിക്കാനില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

എഡിജിപി ആര്‍എസ്എസ് നേതാക്കളെ കണ്ടത് സൗഹൃദ സന്ദര്‍ശനത്തിന്റെ ഭാഗമാണെന്നാണ് വിശദീകരണം. രാഷ്ട്രപതിയുടെ മെഡല്‍ ലഭിക്കുന്നതിന് വേണ്ടിയും യുപിഎഎസ്‌സി പട്ടികയില്‍ ഇടം ലഭിക്കുന്നതിനുമാണ് കണ്ടതെന്ന് ആക്ഷേപം ഉണ്ട്. എന്നാല്‍ ഇതിന് തെളിവില്ല. അത്തരം ഉദ്ദേശത്തിലാണ് ആര്‍എസ്എസ് നേതാക്കളെ കണ്ടത് എങ്കില്‍ സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അന്‍വറിന്റെ ആരോപണങ്ങളില്‍ ഭൂരിപക്ഷത്തിനും തെളിവില്ലെന്നാണ് റിപ്പോര്‍ട്ട്. ഉപോല്‍ബലകമായ തെളിവുകളില്ലാതെയാണ് പല ആരോപണങ്ങളും ഉന്നയിച്ചിരിക്കുന്നതെന്നും പറയുന്നു. എഡിജിപിയുടെ ഓഫീസില്‍ ഫോണ്‍ ചോര്‍ത്തല്‍ സംവിധാനങ്ങളില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു. പി വി അന്‍വര്‍ ആരോപിച്ചത് പോലെ നിയമവിരുദ്ധമായ ഫോണ്‍ ചോര്‍ത്തല്‍ ഉണ്ടായിട്ടില്ല എന്ന് അന്വേഷണത്തില്‍ വ്യക്തമായി, ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച അന്‍വറിന്റെ ആരോപണം വാസ്തവവിരുദ്ധമെന്നും റിപ്പോര്‍ട്ടിലുണ്ട്.

മാമി തിരോധാന കേസിലെ ഇടപെടലില്‍ എം ആര്‍ അജിത് കുമാറിനെതിരെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. കുടുംബത്തിന്റെ ആവശ്യത്തിന് വിരുദ്ധമായി ജില്ലയ്ക്ക് പുറത്തുനിന്നുള്ള ഉദ്യോഗസ്ഥനെ പ്രത്യേക സംഘത്തിന്റെ തലവനായി നിയമിച്ചു. ജില്ലയിലെ മുതിര്‍ന്ന പോലീസ് ഓഫീസര്‍മാരെയും കമ്മീഷണറെയും ഒഴിവാക്കി കൊണ്ടായിരുന്നു ഇത്. എഡിജിപിയുടെ ഈ നടപടി അനുചിതം.ഇത് അനാവശ്യ വിവാദങ്ങള്‍ക്ക് വഴിയിടുകയും ചെയ്തു – റിപ്പോര്‍ട്ട് വിശദമാക്കുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*